മാനസികവും ശാരീരികവുമായി നേരിട്ട പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ഗായിക അഞ്ജു ജോസഫ്. കഴിഞ്ഞ ഏതാനും ആഴ്ചകൾ ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും ഉത്കണ്ഠ നിയന്ത്രിക്കാൻ വീണ്ടും മരുന്നുകൾ കഴിക്കേണ്ടി വന്നതായും അഞ്ജു സമൂഹമാധ്യമ കുറിപ്പിലൂടെ വെളിപ്പെടുത്തി. ശ്വാസതടസ്സത്തെ തുടർന്ന് ഇൻഹേലറും ഉപയോഗിക്കേണ്ടിവന്നതായി ഗായിക പറഞ്ഞു. ജീവിതത്തിലെ പ്രയാസകരമായ ഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന നല്ല മനുഷ്യർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അഞ്ജു കുറിപ്പ് അവസാനിപ്പിച്ചത്.
കുറിപ്പിന്റെ പൂർണരൂപം:
‘കഴിഞ്ഞ കുറച്ച് ആഴ്ചകൾ എനിക്ക് വളരെ പ്രയാസകരമായിരുന്നു! ജീവിതം ഏറ്റവും സന്തോഷകരമായി മുന്നോട്ട് പോകുന്നതിനിടയിലാണ് എനിക്ക് എന്റെ ഉത്കണ്ഠ അകറ്റാനുള്ള മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നത്; ഒപ്പം ഇൻഹേലറും വീണ്ടും ഉപയോഗിക്കേണ്ടി വന്നു! പഴയകാലത്തെ മാനസികാഘാതങ്ങൾ (trauma) എപ്പോൾ വേണമെങ്കിലും തിരികെ വരാമെന്ന് ഞാൻ തിരിച്ചറിഞ്ഞു! ഒപ്പം, ഇതാണ് ഞാനെന്ന് അംഗീകരിക്കാനും പഠിച്ചു!
ഞാൻ ആവശ്യപ്പെടാതെ തന്നെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആ നല്ല മനുഷ്യരോട് ഞാൻ കടപ്പെട്ടിരിക്കുന്നു! അവർ വെറുതെ അങ്ങോട്ട് വരികയും, പ്രശ്നത്തെക്കുറിച്ച് ഒന്നും ചോദിക്കാതെയും, എന്നെ വിലയിരുത്തുകയോ ഉപദേശിക്കുകയോ ചെയ്യാതെയും കൂടെ നിൽക്കുകയും എന്നെ ചിരിപ്പിക്കുകയും ചെയ്തു! ഈ ജീവിതത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു.’
ജീവിതത്തിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ചും അതുണ്ടാക്കിയ മാനസികാഘാതങ്ങളെക്കുറിച്ചും ഇതിനു മുൻപും അഞ്ജു ജോസഫ് തുറന്നുപറഞ്ഞിട്ടുണ്ട്. മാനസികാരോഗ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് നിരന്തര അവബോധം ഗായിക ആരാധകരിലേക്ക് എത്തിച്ചിരുന്നു.
റിയാലിറ്റി ഷോകളിലൂടെ കരിയർ ആരംഭിച്ച അഞ്ജു ജോസഫ് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ്. ‘ഡോക്ടര്‍ ലവ്’ എന്ന ചിത്രത്തില്‍ പാടിയാണ് അഞ്ജു സിനിമ പിന്നണി ഗാനരംഗത്ത് അരങ്ങേറിയത്. ‘അര്‍ച്ചന 31 നോട്ടൗട്ട്’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും ഒരു കൈ നോക്കിയ അഞ്ജുവിന്റെ കവർ സോങ്ങുകൾക്കും വലിയ ആരാധകരുണ്ട്. സ്റ്റേജ് ഷോകളിലും താരം സജീവമാണ്. ആദിത്യ പരമേശ്വരനാണ് അഞ്ജുവിന്റെ പങ്കാളി. ഇരുവരുമൊന്നിച്ച് പാടുന്ന കവർ ഗാനങ്ങൾക്കും വലിയ ആരാധകരുണ്ട്. 2024ൽ ആണ് അഞ്ജുവും ആദിത്യയും വിവാഹിതരാകുന്നത്.






