കാളികാവ്: പൊതുവിതരണ സമ്പ്രദായം കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി റേഷൻ കാർഡുകളിൽ കേന്ദ്രസർക്കാർ നിർദേശിച്ച പരിഷ്കാരങ്ങൾ നടപ്പാക്കാൻ നടപടി. ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത കാർഡുകൾ കണ്ടെത്തി മരവിപ്പിക്കുന്നതിനൊപ്പം കാർഡിലെ അംഗങ്ങളുടെ വിവരങ്ങൾ പരിശോധിക്കുകയും ഒരാൾ ഒന്നിലധികം റേഷൻ കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും. എല്ലാ റേഷൻ കാർഡുകളിലും അംഗങ്ങളുടെ മൊബൈൽ ഫോൺ നമ്പർ ചേർക്കണമെന്നും നിർദേശമുണ്ട്.
കേരളത്തിൽ ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത 6,06,773 കാർഡുകളാണ് മരവിപ്പിക്കുക. ആദ്യഘട്ടത്തിൽ 44,279 മുൻഗണനാ കാർഡുകളാണ് മരവിപ്പിക്കുന്നത്. ഇതിൽ 5,370 മഞ്ഞ കാർഡുകളും 38,909 പിങ്ക് കാർഡുകളുമുണ്ട്.
തുടർന്ന് മുൻഗണനേതര വിഭാഗത്തിൽ ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത 5,62,494 കാർഡുകളും മരവിപ്പിക്കും. ഇതിൽ 4,40,811 വെള്ള കാർഡുകളും 1,21,683 നീല കാർഡുകളുമാണുള്ളത്.
മരവിപ്പിക്കുന്ന റേഷൻ കാർഡിലെ എല്ലാ അംഗങ്ങളും മൂന്നുമാസത്തിനകം ഇ-കെവൈസി പൂർത്തിയാക്കിയാൽ കാർഡ് വീണ്ടും സജീവമാക്കി റേഷൻ വാങ്ങാൻ സാധിക്കും.
അതേസമയം, എല്ലാ റേഷൻ കാർഡുകളിലെയും അംഗങ്ങളുടെ മൊബൈൽ ഫോൺ നമ്പർ നിർബന്ധമായും ചേർക്കണം. സെപ്റ്റംബർ 30-നകം അക്ഷയ കേന്ദ്രങ്ങൾ, സിറ്റിസൺ പോർട്ടൽ, ജനസേവാ കേന്ദ്രങ്ങൾ എന്നിവ വഴി മൊബൈൽ നമ്പർ ചേർക്കാം. നിർദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാലും നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.






