ആലുവ: കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്ന് അശ്ലീല ആംഗ്യം കാണിക്കുകയും ശല്യം ചെയ്യുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു.
കൊച്ചിയിൽ കോർപ്പറേറ്റ് മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവതി ആലുവയിലൂടെ കാറിൽ സഞ്ചരിക്കുമ്പോഴാണ് ബൈക്കിലെത്തിയ യുവാവ് പിന്തുടരാൻ തുടങ്ങിയത്. തുടർന്ന് കാറിനൊപ്പമെത്തി അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും മാനസികമായി ശല്യപ്പെടുത്തുകയുമായിരുന്നു. റോഡിൽ വെച്ച് അപമാനിക്കാൻ ശ്രമിച്ചതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.






