കണ്ണൂർ: ഇരിട്ടി കുന്നോത്ത് സെൻ്റ് ജോസഫ് യു.പി സ്കൂളിൽ ക്ലാസ് മുറിയിൽ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടി എന്ന ആരോപണം അടിസ്ഥാനരഹിതമെന്ന കണ്ടെത്തലുമായി തലശ്ശേരി കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഏജൻസി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഏജൻസി ഒരു അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിക്ക് ക്ലാസിലുണ്ടായിരുന്ന വിദ്യാർഥികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ആരോപണം തെറ്റാണെന്ന് കണ്ടെത്തിയതെന്നും ഏജൻസി കുറിപ്പിൽ വ്യക്തമാക്കി.
ക്ലാസിലെ കുട്ടികൾ നൽകിയ മൊഴി പ്രകാരം അധ്യാപിക കുട്ടിയെ ചവിട്ടുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. ഡെസ്കിൽ കയറിയിരുന്നപ്പോൾ വീണതാണെന്നാണ് സഹപാഠികൾ അധ്യാപികയെ അറിയിച്ചത്. പരാതിക്ക് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്നും ഏജൻസി വ്യക്തമാക്കി.
അതേസമയം വിദ്യാർഥിയോട് മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയിൽ അധ്യാപിക ലിൻ്റോ ജോസിനെ താത്കാലികമായി ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. തലകറങ്ങി വീണ കുട്ടിയോട് അധ്യാപിക ‘ചത്തില്ലേ’ എന്ന് ചോദിച്ചെന്നും വീണുകിടന്ന കുട്ടിയെ ചവിട്ടിയതായും ആരോപണമുയർന്ന പശ്ചാത്തലത്തിലായിരുന്നു നടപടി.
സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ
കുന്നോത്ത് സെൻ്റ് ജോസഫ്സ് യു.പി. സ്കൂളിൽ 2026 സെപ്റ്റംബർ 8 ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെയും തുടർന്നുണ്ടായ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലുള്ള വിശദീകരണകുറിപ്പ്
2026 സെപ്റ്റംബർ 8 ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അഞ്ചാം പീരിയഡിൽ 6-സി ക്ലാസിലെ ഒരു വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വീഴാനിടയായി. ആ സമയത്ത് ലീവ് വേക്കൻസിയിൽ സേവനം ചെയ്തിരുന്ന അധ്യാപിക ക്ലാസിൽ കുട്ടികൾ കൂടിനിൽക്കുന്നത് കണ്ട് ക്ലാസ്സിലേക്ക് ചെല്ലുകയും കുട്ടി നിലത്തിരിക്കുന്നത് കാണുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചപ്പോൾ ഡെസ്കിൽ കയറിയിരുന്നപ്പോൾ വീണതാണെന്ന് സഹപാഠികൾ അധ്യാപികയെ അറിയിച്ചു. ക്ലാസ്സിൽ എല്ലാവരും അച്ചടക്കം പാലിക്കണമെന്ന് അദ്ധ്യാപിക കുട്ടികളോട് പറഞ്ഞു. ശേഷം കുട്ടിയ്ക്ക് വെള്ളം കൊടുക്കാൻ പറഞ്ഞു. എന്നാൽ ക്ലാസ്സിൽ വെള്ളം ഇല്ലാതിരുന്നതിനാൽ അദ്ധ്യാപിക 2 കുട്ടികളെ വെള്ളമെടുക്കാൻ പറഞ്ഞുവിട്ടു. അതിനുശേഷം കുട്ടിക്ക് വെള്ളം കൊടുത്തു. മുഖം കഴുകാൻ പറഞ്ഞു. ആറാം പീരിയഡിനു ശേഷം അധ്യാപിക വീണ്ടും എത്തി കുട്ടിക്ക് വീട്ടിൽ പോകണോ എന്ന് ചോദിക്കുകയും ചെയ്തു; എന്നാൽ കുട്ടി വേണ്ടെന്ന് മറുപടി നൽകി. തുടർന്ന് ഏഴാം പീരിയഡിൽ കുട്ടിയുടെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താൻ മുൻക്ലാസ്സ് അദ്ധ്യാപികയുടെ സഹായം തേടി. കുട്ടിക്ക് നേരത്തെ തന്നെയുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്ന പ്രസ്തുത ടീച്ചർ കുട്ടിയുടെ മാതാവിനെ ഫോണിൽ വിളിച്ച് വിവരം ധരിപ്പിച്ചു. വൈകാതെ സ്കൂൾ വിടാൻ സമയമായതിനാൽ ആശ്വസിപ്പിച്ച് സാധാരണപോലെ ഓട്ടോയിൽ വിട്ടാൽ മതിയെന്ന് മാതാവ് അറിയിച്ചതിനെത്തുടർന്ന്, ടീച്ചർ വിക്സ് പുരട്ടിക്കൊടുത്ത് കൂടെയിരുത്തുകയും തുടർന്ന് ഓട്ടോയിൽ കുട്ടിയെ സുരക്ഷിതമായി വീട്ടിലേക്ക് അയക്കുകയും ചെയ്തു.
അടുത്ത ദിവസം, സെപ്റ്റംബർ 9 ബുധനാഴ്ച രാവിലെ, കുട്ടിയുടെ പിതൃസഹോദരൻ സ്കൂൾ ഹെഡ്മാസ്റ്റർക്ക് രേഖാമൂലം പരാതി സമർപ്പിച്ചു. സോഡിയം കുറഞ്ഞ് തലകറങ്ങി വീണ കുട്ടിയെ അധ്യാപിക കാലുകൊണ്ട് ചവിട്ടിയെന്നും അധിക്ഷേപകരമായി സംസാരിച്ചെന്നുമായിരുന്നു പരാതിയിലെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ കോർപ്പറേറ്റ് മാനേജ്മെന്റ് വസ്തുതകൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. സെപ്റ്റംബർ 10, 11 തീയതികളിൽ അന്വേഷണ സമിതി പ്രധാനാധ്യാപകൻ, അധ്യാപകർ, വിദ്യാർത്ഥിനി, സഹപാഠികൾ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് നേരിട്ട് മൊഴികൾ രേഖപ്പെടുത്തി. രണ്ടുപേരൊഴികെ ബാക്കി എല്ലാവരുടെയും മൊഴിയിൽ നിന്ന് പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ പ്രസ്തുത വിദ്യാർത്ഥിനിയോ ഭൂരിഭാഗം സഹപാഠികളോ ശരിവെക്കുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പരാതിയിൽ കുട്ടിയുടെ പേര് പോലും തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത് എന്ന വസ്തുത ഈ പരാതിക്ക് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടോ എന്ന് സംശയിക്കാൻ കാരണമാകുന്നു.
വിദേശത്തുള്ള കുട്ടിയുടെ പിതാവിന്റെ നിർദ്ദേശപ്രകാരം പിതൃസഹോദരനാണ് പരാതി നൽകിയത്. സഹോദരൻ ഫോണിൽ പറഞ്ഞ വിവരങ്ങൾ വെച്ചാണ് പരാതി നൽകിയതെന്നും, നിലവിൽ കാര്യങ്ങൾ സംസാരിച്ച് രമ്യമായി പരിഹരിച്ചതിനാൽ യാതൊരു പരാതിയുമില്ലെന്നും ഇദ്ദേഹം അന്വേഷണ സമിതിയെ അറിയിച്ചു.
മേൽസംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും സർക്കാരും വിവിധ ഏജൻസികളും നടത്തിയ എല്ലാ അന്വേഷണങ്ങളോടും സ്കൂൾ അധികൃതർ പൂർണ്ണമായി സഹകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് കുട്ടികൾ പഠിച്ച് ഉയരങ്ങളിൽ എത്തിയ ഈ മാതൃക വിദ്യാലയത്തെയും അധ്യാപകരെയും സമർപ്പിതരെയും അപകീർത്തിപ്പെടുത്താൻ സമൂഹത്തിലെ ചിലർ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു. കണ്ണൂർ ജില്ലയിലെ തന്നെ മികച്ച വിദ്യാലയമായ കുന്നോത്ത് യു പി സ്കൂളിനെ ഇനിയും ഉയരങ്ങളിൽ എത്തിക്കാൻ ഏവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അഭ്യർത്ഥിക്കുന്നു.
കോർപ്പറേറ്റ് മാനേജർ
തലശ്ശേരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി






