തിരുവനന്തപുരം: കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട്ടിൽ ആക്രമിച്ച് കയറി സാധനങ്ങൾ അടിച്ച് തകർത്ത ശേഷം തീവച്ചു. കാട്ടാക്കട സ്വദേശി ആനന്ദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ആക്രമികൾ വീട്ടുപകരണങ്ങൾ തകർക്കുകയും പിന്നാലെ വീട് കത്തിക്കുകയും ചെയ്തത്.
ആനന്ദിന്റെ സഹോദരിയും കുടുംബവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കൂട്ടമായെത്തിയവർ വീടിനുളിലുണ്ടായിരുന്ന കട്ടിലുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞു.
ജനലുകളും ബാത്ത്റൂമും അടിച്ചുതകർത്ത സംഘം വീടിന് തീവച്ചു. ആക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആനന്ദിന്‍റെ സഹോദരീപുത്രനായ അഖിലിനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കാട്ടാക്കട പൊലീസിന്‍റെ നിഗമനം.






