ദുബായ്: പുരുഷ 20 ലോകകപ്പിൽ ബംഗ്ലദേശിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച പാക്കിസ്ഥാന് ഉപകാര സ്മരണയായി വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് സെമി ഫൈനലിന്റെ ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റന് കൈകൊടുക്കാത്ത ബംഗ്ലദേശ് ക്യാപ്റ്റൻ നിഗർ സുൽത്താനയ്ക്കു തിരിച്ചടി. ഹർമൻപ്രീത് കൗറുമായി ഹസ്തദാനം ഒഴിവാക്കിയ നിഗറിനെ തള്ളി ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് തന്നെ രംഗത്തെത്തി. ബംഗ്ലദേശ് ക്യാപ്റ്റൻ സ്വന്തം നിലയിലാണ് ഹസ്തദാനം ഒഴിവാക്കിയതെന്ന് ബിസിബി വനിതാ കമ്മിറ്റി ചെയർമാൻ റഫിഖുൽ ഇസ്‍ലാം ബാബു പ്രതികരിച്ചു.
എല്ലാ ക്രിക്കറ്റ് രാജ്യങ്ങളുമായും മികച്ച ബന്ധമുണ്ടാക്കാനാണ് ബംഗ്ലദേശ് ശ്രമിക്കുന്നതെന്നും ബിസിബി പ്രതിനിധി പറഞ്ഞതോടെ ക്യാപ്റ്റൻ അമ്പേ ത്രി ജിയായി. ‘‘ഹസ്തദാനം വേണ്ടെന്നത് അവരുടെ സ്വന്തം തീരുമാനമായിരുന്നു. സ്പോർട്സ് ലോകത്തെ ഒന്നിപ്പിക്കുമെന്നാണു ഞങ്ങൾ കരുതുന്നത്. എല്ലാ രാജ്യങ്ങളുമായും സൗഹൃദമാണ് ബംഗ്ലദേശ് ആഗ്രഹിക്കുന്നത്. ഇന്ത്യയോടു മാത്രമല്ല, എല്ലാ രാജ്യങ്ങളോടും ഒരേ നിലപാടാണ് ബംഗ്ലദേശിന്. ക്യാപ്റ്റൻ ചെയ്ത കാര്യങ്ങളെല്ലാം അവരുടെ തീരുമാനപ്രകാരമാണ്.’’– റഫിഖുൽ ഇസ്‍ലാം ബാബു പറഞ്ഞു.
ഏഷ്യാകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ ഗ്രൂപ്പ് മത്സരത്തിനിടെ ടീം ക്യാപ്റ്റൻമാർ ഹസ്തദാനം നടത്തിയിരുന്നില്ല. അതിനു പിന്നാലെ സെമിയിൽ ബംഗ്ലദേശ് വനിതാ ക്യാപ്റ്റനും ഹസ്തദാനം ഒഴിവാക്കുകയായിരുന്നു.






