തൃശ്ശൂർ: നറുക്കെടുപ്പിലൂടെ അധികാരത്തിലേറിയ പാറളം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ ഇടത് അംഗങ്ങൾ പിന്തുണച്ചതോടെയാണ് ബിജെപി ഭരണം വീണത്. പ്രതിപക്ഷത്തിന് 10 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപിക്ക് ആറ് വോട്ടുകൾ ലഭിച്ചു. ഒരു കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവാകുകയും ചെയ്തു.
അതേസമയം നടന്നത് ജനവിധിയുടെ അട്ടിമറിയാണെന്ന് ബിജെപി വിമർശിച്ചപ്പോൾ ജനാധിപത്യത്തിന്റെ വിജയമാണ് സംഭവിച്ചതെന്ന് കോൺഗ്രസും പ്രതികരിച്ചു. എല്ലാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തുള്ള ബിജെപി ഇക്കുറി തന്ത്രത്തിലൂടെയും അട്ടിമറിയിലൂടെയുമാണ് പാറളം പഞ്ചായത്ത് പിടിച്ചെടുത്തതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇന്നത്തേത് ജനാധിപത്യത്തിൻറെ വിജയമാണെന്നും കോൺഗ്രസ് പ്രതികരിച്ചു.
വർഷങ്ങളായി സിപിഎമ്മും കോൺഗ്രസും മാറി മാറി ഭരിച്ച പഞ്ചായത്തിൽ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ബിജെപി വിജയിച്ചത്. പതിനേഴംഗ ഭരണസമിതിയിൽ കോൺഗ്രസിനും ബിജെപിക്കും ആറ് വീതം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് നറുക്കെടുപ്പിലൂടെ ബിജെപിക്ക് ഭരണം ലഭിക്കുകയായിരുന്നു. ബിജെപി ഭരണം തുടങ്ങി ആറ് മാസമായതോടെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു. തുടർന്ന് ഇന്ന് നടന്ന വോട്ടെടുപ്പിൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കോൺഗ്രസ് അവിശ്വാസ പ്രമേയം പാസാക്കി.






