തിരുവനന്തപുരം: സിപിഎം നേതാവും മുൻ എംഎൽഎയുമായ എച്ച് സലാമിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ എംഎൽഎ രംഗത്ത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി നടത്തിയ പണപ്പിരിവിന്റെ കണക്ക് ജി സുധാകരൻ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സലാം രംഗത്തെത്തിയിരുന്നു. അയാളുടെ കൈയിൽ കണക്കുണ്ടാകുമെന്നും കണക്ക് അയാൾ അവതരിപ്പിക്കട്ടെ എന്നുമായിരുന്നു ജി സുധാകരൻ പറഞ്ഞത്. എച്ച് സലാമിനെക്കുറിച്ച് മാധ്യമങ്ങൾ അന്വേഷിക്കണം. അയാളുടെ ചരിത്രം പരിശോധിക്കണം. തന്നെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്നും ജി സുധാകരൻ ചോദിച്ചു. തിരുവനന്തപുരത്തായിരുന്നു ജി സുധാകരന്റെ പ്രതികരണം.
വിവരമില്ലാത്തവൻ പലതും വിളിച്ച് പറയും. കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാതിരിക്കാൻ പറ്റുമോയെന്ന് സുധാകരൻ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് കൊടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷനും പാർട്ടിക്കും കണക്ക് കൊടുത്തതാണ്. അതിൽ കൂടുതൽ എന്താണ് വേണ്ടതെന്ന് സുധാകരൻ ചോദിച്ചു. അതൊന്നും വായിക്കാതെയാണോ ഓരോ കാര്യങ്ങൾ ഉന്നയിക്കുന്നത്?. അയാൾ ആരാണ്?. ആ പേരിനൊക്കെ എന്ത് പ്രസക്തിയാണ് കേരളത്തിൽ?.
ഒരു രൂപ പോലും കൈക്കൂലി വാങ്ങിക്കാത്ത ആളെക്കൂടി ഇത്തരക്കാർ മോശക്കാരനാക്കുകയാണ്. മാധ്യമപ്രവർത്തകർ അന്വേഷിക്കണം. അല്ലാതെ അയാൾ പറഞ്ഞതിന്റെ പിന്നാലെ പോകേണ്ടതില്ലെന്നും ജി സുധാകരൻ പറഞ്ഞു. അതേസമയം സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഡിജിപിക്ക് ഇ ഡി കത്ത് നൽകിയ സംഭവത്തെപ്പറ്റി അറിയില്ലെന്നും സുധാകരൻ പ്രതികരിച്ചു. പത്രത്തിൽ വായിച്ചത് മാത്രമേ അറിയൂ. കേന്ദ്രസർക്കാർ സ്ഥാപനമാണ് ഇ ഡി. അവർ അവരുടെ വഴിക്കാണ് പോകുന്നത്. അതിനെതിരെ എതിർ സത്യവാങ്മൂലവും മറ്റും നൽകേണ്ടത് ആരോപണ വിധേയരാണ്. അവർ അത് ചെയ്‌തോളും. അതിൽ ഞാൻ എന്തിനാണ് ഇടപെടുന്നതെന്നും ജി സുധാകരൻ ചോദിച്ചു.
അതേസമയം ഇക്കഴിഞ്ഞ എട്ടാം തീയതിയായിരുന്നു സുധാകരനെതിരെ എച്ച് സലാം രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിനായി നടത്തിയ പണപ്പിരിവിന്റെ കണക്ക് സുധാകരൻ പുറത്തുവിടണമെന്നും ആ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയോ എന്ന് വ്യക്തമാക്കണമെന്നുമായിരുന്നു സലാം പറഞ്ഞത്. യഥാർത്ഥ പൊളിറ്റിക്കൽ ക്രിമിനൽ ജി സുധാകരനാണ്. അഴിമതി വിരുദ്ധതയുടെ ലേബൽ ഉപയോഗിച്ച് ഭാര്യയുടെയും മകന്റെയും മരുമകളുടെയും പേരിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടോ എന്ന് സുധാകരൻ പറയണം.
അതുപോലെ ഒരു മാധ്യമ പ്രവർത്തകനെ ആക്രമിക്കണമെന്നും മറ്റൊരു വനിതക്കെതിരെ ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തി വ്യക്തിഹത്യ ചെയ്യണമെന്നും ജി സുധാകരൻ ഡിവൈഎഫ്ഐ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സലാം ആരോപിച്ചിരുന്നു






