ന്യൂഡൽഹി: തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ഒരു കോടി രൂപ കവർന്നു. ന്യൂഡൽഹിയിലെ ദര്യാഗഞ്ച് മേഖലയിലാണ് സംഭവം. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന വ്യവസായിയുടെ ജീവനക്കാരന്റെ കയ്യിൽ നിന്നാണ് ബൈക്കിലെത്തിയ അക്രമികൾ പണം തട്ടിയെടുത്തത്.
ആകെ മൂന്ന് കോടി രൂപയുമായാണ് ജീവനക്കാരൻ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്നത്. ഇതിൽ ഒരു കോടി രൂപയുണ്ടായിരുന്ന ബാഗാണ് പ്രതികൾ കവർന്നത്. സംഭവത്തിൽ ദര്യാഗഞ്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികളെ കണ്ടെത്താനുള്ള ഊർജിത ശ്രമങ്ങൾ നടന്നു വരികയാണെന്നും, ഇത്രയും വലിയ തുകയുമായി ജീവനക്കാരൻ എന്തിനാണ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തതെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.






