മലപ്പുറം: അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ പരസ്പരം പോരടിക്കുമ്പോൾ അതിൽ ലാഭംകൊയ്യാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും നമ്മുടെ സാംസ്കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്തുന്ന ചർച്ചയാണ് സമൂഹമാധ്യമങ്ങളിലൂടെയടക്കം ഇപ്പോൾ നടക്കുന്നതെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
മതം പറഞ്ഞുള്ള കളിയാക്കലുകളും അപക്വമായ വിദ്വേഷ വർത്തമാനങ്ങളും ആർക്കും ഗുണം ചെയ്യുന്നതല്ല. ആശയപരമായ സംഘട്ടനം നടക്കേണ്ടത് പരസ്പര ബഹുമാനത്തിലൂന്നിയുള്ള സംവാദത്തിലൂടെയാണ്. വിദ്വേഷ വർത്തമാനങ്ങൾ നടത്തുന്നവരോട് അകലം പാലിക്കണമെന്നും സാദിഖലി തങ്ങൾ കുറിച്ചു.
സാദിഖലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം….
കൊമ്പുകോർക്കുന്ന മാനുകളുടെയും ചോരകുടിക്കാൻ കാത്തിരിക്കുന്ന ചെന്നായയുടെയും കഥ നമുക്ക് അധ്യാപകർ പറഞ്ഞുതന്നത് വലിയൊരു പാഠം പഠിപ്പിക്കാനായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പരസ്പരം പോരടിക്കുമ്പോൾ അതിൽ നിന്നും ലാഭംകൊയ്യാൻ ചിലർ കാത്തിരിക്കുന്നുവെന്ന പാഠം. കേരളത്തിലെ സമകാലിക വിവാദങ്ങളും അതിനെ ചുറ്റിപ്പറ്റി സമൂഹത്തിൽ പ്രസരിക്കുന്ന വെറുപ്പും കാണുമ്പോൾ ആ കഥയാണ് വീണ്ടും മനസ്സിലേക്ക് വരുന്നത്.
വർഷങ്ങളുടെ പോരാട്ടംകൊണ്ട് ഒരു ജനതയെന്ന നിലയിൽ നാം നേടിയെടുത്ത സാംസ്കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്തുന്ന ചർച്ചയാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലും കമന്റുകളിലും നിറയുന്ന മതംപറഞ്ഞുള്ള കളിയാക്കലുകളും അപക്വമായ വിദ്വേഷ വർത്തമാനങ്ങളും ആർക്കും ഒരു ഗുണവും ചെയ്യുന്നതല്ല. ആശയപരമായ സംഘട്ടനം നടക്കേണ്ടത് ഇത്തരം ചെളിവാരിയെറിയലുകൾകൊണ്ടല്ല, പരസ്പര ബഹുമാനത്തിലൂന്നിയുള്ള സംവാദത്തിലൂടെയാണ്.
ഒന്നോർക്കുക, മനുഷ്യർ തമ്മിൽ അകന്ന് നിൽക്കാനുള്ളതിനേക്കാൾ വലിയ കാരണങ്ങൾ ചേർന്ന് നിൽക്കാനുണ്ട്. നമ്മുടെ കേരളത്തെ കെട്ടിപ്പടുക്കുന്ന, സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാനുള്ള നിർമാണാത്മക പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഇത്തരം സംഘട്ടനങ്ങൾ ഒട്ടും ആശാവഹമല്ല. നമുക്ക് പറ്റാവുന്നത്ര അടുത്തുനിൽക്കാം. വിദ്വേഷ വർത്തമാനക്കാരോട് അകലം പാലിക്കാം.






