തിരുവനന്തപുരം: കോവളത്ത് സംരക്ഷിത ഇനത്തിൽപ്പെട്ട കടൽവെള്ളരി വിൽക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. പനവൂർ അഞ്ചാംകല്ല് സ്വദേശി അജിമോൻ, വെങ്ങാനൂർ സ്വദേശി ഷിജുകുമാർ എന്നിവരാണ് അറസ്റ്റിലായത്. പരുത്തിപ്പള്ളി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇരുവരെയും പിടികൂടിയത്.
കോവളം ലൈറ്റ് ഹൗസിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന എൺപതോളം കടൽവെള്ളരികളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഏകദേശം രണ്ട് കിലോഗ്രാം വരെ തൂക്കമുള്ള കടൽവെള്ളരികളാണ് പിടികൂടിയതെന്ന് വനംവകുപ്പ് അറിയിച്ചു. പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു.
ഇന്ത്യയിൽ കടൽവെള്ളരികൾ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയാണ്. ഇവയെ പിടികൂടുന്നതും കൈവശം വയ്ക്കുന്നതും വിൽപ്പന നടത്തുന്നതും നിയമവിരുദ്ധമാണ്. നിയമലംഘനത്തിന് കർശന നടപടി നേരിടേണ്ടിവരും.
അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതാണ് കടൽവെള്ളരികളെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃതമായി ഇവയെ ശേഖരിച്ച് വിൽപ്പന നടത്തുന്നത് തടയുന്നതിന്റെ ഭാഗമായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
വനംവകുപ്പ് നേരിട്ട് നടത്തിയ പരിശോധനയിൽ കടൽവെള്ളരി പിടികൂടുന്നത് ഇതാദ്യമായാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിടികൂടിയ കടൽവെള്ളരികൾ സംബന്ധിച്ച വിശദമായ പരിശോധനയും തുടർനടപടികളും പുരോഗമിക്കുകയാണ്.






