കോഴിക്കോട്: അഞ്ചുവയസ്സുകാരിയെ പല ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കോഴിക്കോട് കുന്നത്തുപാലം സ്വദേശി തച്ചാരക്കൽ മീത്തൽ വീട്ടിൽ പ്രേംരാജ് (55) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പല ദിവസങ്ങളിലായി പ്രതി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം.
സംഭവത്തെ തുടർന്ന് കുട്ടി ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കുടുംബാംഗങ്ങൾ വിവരം അന്വേഷിച്ചപ്പോഴാണ് കുട്ടി അമ്മയോട് കാര്യങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പന്തീരാങ്കാവ് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്തു. എസ്.ഐ. നിധിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുന്നത്തുപാലത്ത് നിന്നാണ് പ്രേംരാജിനെ കസ്റ്റഡിയിലെടുത്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






