സൂററ്റ്: ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ മൊബൈൽ ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരുന്ന 13കാരനെ അമ്മ ശകാരിച്ചതിന് പിന്നാലെ കുട്ടി ജീവനൊടുക്കി. ഗുജറാത്തിലെ സൂററ്റിലെ റാൻഡർ ടൗണിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം നടന്നത്.
ക്ലാസ് 7 വിദ്യാർഥിയായിരുന്ന കുട്ടി മൊബൈൽ ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരിക്കെയാണ് അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചത്. ഫോൺ മാറ്റിവെച്ച് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ട് അമ്മ കുട്ടിയെ ശകാരിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന് കുട്ടിയും മൂത്ത സഹോദരിയും ഭക്ഷണം കഴിക്കാൻ ഇരുന്നു. ഇതിനിടെ അമ്മ അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ അയൽവാസികളെ കാണുന്നതിനായി വീട്ടിൽ നിന്ന് പുറത്തേക്ക് പോയി. ഏകദേശം 20 മിനിറ്റിന് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ കെട്ടിടത്തിലെ പൊതുവായ പടിക്കെട്ടിന്റെ കൈവരിയിൽ അമ്മയുടെ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
റാൻഡർ പോലീസ് ഇൻസ്പെക്ടർ ടി.ബി. പാണ്ഡ്യയുടെ വാക്കുകൾ പ്രകാരം, മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിനിടെ ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ട് അമ്മ ശകാരിച്ചതിൽ കുട്ടിക്ക് മാനസികമായി വിഷമം തോന്നിയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷണത്തിലൂടെയാണ് വ്യക്തമാകുക.
കുട്ടിയെ ഉടൻ സമീപത്തെ ഡോക്ടറുടെ ക്ലിനിക്കിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ന്യൂ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ മാതൃസഹോദരനും സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. തിങ്കളാഴ്ച വൈകുന്നേരം തന്റെ സഹോദരി രണ്ട് മക്കളെയും ശകാരിച്ചിരുന്നുവെന്നും മരിച്ച കുട്ടി ഏഴാം ക്ലാസിൽ പഠിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സൂററ്റിൽ തന്നെ കഴിഞ്ഞ മാസവും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഫോൺ മാറ്റിവെച്ച് ഹോംവർക്ക് പൂർത്തിയാക്കാൻ മാതാപിതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് 13കാരനായ മറ്റൊരു കുട്ടി ജീവനൊടുക്കിയതായി ആരോപണമുയർന്നിരുന്നു. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ശിശുമനോരോഗ വിദഗ്ധൻ ഡോ. മുകുൾ ചോക്സി നിർദേശിച്ചു. കുട്ടികൾ മൊബൈൽ ഫോണിൽ എന്താണ് കാണുന്നതെന്നും ഏതുതരം ഗെയിമുകളാണ് കളിക്കുന്നതെന്നും മാതാപിതാക്കൾ ശ്രദ്ധിക്കുകയും ഉപയോഗം നിയന്ത്രിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.






