അടൂർ: കെ.എസ്.ആർ.ടി.സി. ബസ് തട്ടി ലോറിയുടെ ഗ്ലാസ് പൊട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കം റോഡിലെ കൈയാങ്കളിയിലും പിന്നീട് ഡിപ്പോയിലെ കൂട്ടത്തല്ലിലും കലാശിച്ചു. ബസ് ഡ്രൈവറെ റോഡിൽവെച്ച് മർദിച്ച ലോറി ഡ്രൈവർ, അരിശം തീരാതെ ലോറിയിൽ അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ എത്തി. വീണ്ടും കൈയേറ്റത്തിന് ശ്രമിച്ചതോടെ ബസ് ജീവനക്കാർ കൂട്ടത്തോടെ രംഗത്തെത്തി ‘തിരിച്ചടി’ നൽകി. ബസ് ട്രിപ്പ് മുടക്കിയതിനും ബസ് ഡ്രൈവറുടെ കണ്ണട തകർന്നതിനും ഉൾപ്പെടെ ലോറി ഡ്രൈവർ 28,000 രൂപ നൽകി പ്രശ്നം ഒതുക്കി.
പോലീസ് കേസ് എടുക്കുന്നതിന് മുമ്പ് ഉന്നത ഇടപെടലിലൂടെ ഒത്തുതീർപ്പുണ്ടാക്കിയെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് വരുകയായിരുന്ന പത്തനംതിട്ട ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ബസ് കുളക്കട പുത്തൂമുക്കിൽവെച്ച് ഗ്യാസ് സിലിൻഡർ ലോറിയിൽ തട്ടിയതായാണ് ലോറി ഡ്രൈവറുടെ ആരോപണം. സംഭവത്തിൽ ലോറിയുടെ സൈഡ് ഗ്ലാസ് പൊട്ടിയതായും പറയുന്നു.
തുടർന്ന് ഇരുകൂട്ടരും പുത്തൂമുക്കിൽവെച്ച് വാക്കേറ്റത്തിലായി. പ്രകോപിതനായ ലോറി ഡ്രൈവർ, ബസ് ഡ്രൈവറെ റോഡിൽവെച്ച് മർദിച്ചെന്നാണ് ആരോപണം. ഇതിനുശേഷം ബസ് അടൂർ ഡിപ്പോയിലെത്തി. പിന്നാലെ സിലിൻഡറുകൾ നിറച്ച ലോറിയും ഡിപ്പോയിലെത്തി. ഡിപ്പോയ്ക്കുള്ളിൽ മറ്റുവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധം ലോറി നിർത്തിയതോടെ ഗതാഗതതടസ്സമുണ്ടായി. പിന്നാലെ ലോറി ഡ്രൈവർ ബസിനടുത്തെത്തി ഡ്രൈവറെ വലിച്ചിറക്കാനും താക്കോൽ ഊരിയെടുക്കാനും ശ്രമിച്ചു. ഇതുകണ്ടതോടെ ഡിപ്പോയിലുണ്ടായിരുന്ന ബസ് ജീവനക്കാരും മറ്റുള്ളവരും കൂട്ടത്തോടെ എത്തി ബസ് ഡ്രൈവർക്ക് നേരത്തെ ഏറ്റ മർദനത്തിന് ‘തിരിച്ചടി’ നൽകുകയായിരുന്നു.
ഗ്യാസ് സിലിൻഡർ ലോറി അടുത്തിടെ വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥനും കെ.എസ്.ആർ.ടി.സി. മുൻ സി.എം.ഡി.യുമായിരുന്ന വ്യക്തിയുടെ സഹോദരന്റേതാണെന്നും ഇതിന്റെ സ്വാധീനത്തിലാണ് പോലീസ് കേസ് എടുക്കുന്നതിന് മുമ്പ് പ്രശ്നം ഒതുക്കിയതെന്നുമുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.






