കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ ഡോക്ടർക്ക് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം. രോഗിയോട് മോശമായി പെരുമാറിയ ഡോ.രേഖ കൃഷ്ണയോടാണ് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിൻറെ അടിയന്തര നടപടി.
അതേസമയം പരിശോധനയുടെ ഭാഗമായി, ആരോപണ വിധേയയായ ഡോക്ടർ രേഖയുടേയും ആശുപത്രി സൂപ്രണ്ടിൻറെയും ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. രോഗിയോട് ഇവർ ഡോക്ടർ മോശമായി പെരുമാറുന്നതിൻറെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കാഷ്വാലിറ്റിയിൽ എത്തിയ രോഗിയോട് ഡോക്ടർ അപമര്യാദയായി സംസാരിക്കുകയായിരുന്നു.
” എനിക്കു സൗകര്യമില്ല, ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കേറാനല്ല, എമർജെൻസിക്കാണ്… ദേഹം വേദനയെന്നു പറഞ്ഞ് ഉടനെ ഇങ്ങട് ഓടിപ്പോരുവാ, പാതിരാത്രി കഴിഞ്ഞു എത്രമണിയാണ്? ഇവിടെ വന്നു പറയാൻ പറ്റിയ കാര്യം! ഞാൻ ഇതൊക്കെ ആവണേക്ക് മുൻപും ജീവിച്ചിരുന്ന ആളാ.. അന്ന് ഞാൻ ഇതുപോലൊന്നും കാണിച്ചിട്ടില്ല. എന്റെ വീട്ടുകാരും കാണിച്ചിട്ടില്ല, എന്റെ വീട്ടുകാർ എന്നെ സമ്മതികുകയുമില്ല ഇങ്ങനെ തോന്നിവാസം ഒന്നും കാണിക്കാനായിട്ട്!”
“കൃത്യമായിട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ 6 മണിക്ക് മുൻപ് തീർത്തോണം. തീർത്തു വീട് കേറിക്കോളണം. അത് കഴിഞ്ഞു ഇറങ്ങുന്നതിനു വേറെ രീതിയിലാണ് കണക്കാക്കുക! മനസ്സിലായോ?” എന്നിങ്ങനെ പോകുന്നു ഡോക്ടറുടെ വാക്കുകൾ.
സംഭവത്തിൽ ആരോഗ്യവകുപ്പിൻറെ ഇടപെടലിനെ തുടർന്ന്, വിജിലൻസ് വിഭാഗം ആശുപത്രിയിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ജീവനക്കാരുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തി.






