മീററ്റ്: വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ 22കാരൻ വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന രണ്ട് സഹോദരിമാർക്ക് നേരെ ആസിഡ് ഒഴിച്ചതായി പരാതി. ഹാപൂർ ജില്ലയിലെ മാധാപൂർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആക്രമണത്തിൽ ബധിരരായ 21കാരിക്കും 19കാരിയായ സഹോദരിക്കും കൈകളിലും തോളുകളിലും പൊള്ളലേറ്റു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ ആവാസ് വികാസ് കോളനി സ്വദേശിയായ ഹർഷ് ഭാട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചന നിരസിച്ചതിനെ തുടർന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. യുവതികളുടെ പിതാവ് റോഷന്റെ മൊഴി പ്രകാരം, മൂത്ത മകളെ ഹർഷ് ഭാട്ടിയുമായി വിവാഹം കഴിപ്പിക്കാൻ കുടുംബം നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ യുവാവിന്റെ അമിത മദ്യപാനവും പെരുമാറ്റത്തിലെ വൈകൃതവും ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബം വിവാഹബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
വിവാഹം വേണ്ടെന്ന് തീരുമാനിച്ചതിൽ ഹർഷ് പ്രകോപിതനായിരുന്നുവെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും റോഷൻ പോലീസിനോട് പറഞ്ഞു. എന്നാൽ ഉറങ്ങിക്കിടന്ന തന്റെ മക്കൾക്ക് നേരെ ആസിഡ് ആക്രമണം നടത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. യുവതികളുടെ നിലവിളി കേട്ടാണ് വീട്ടുകാർ ഉണർന്നത്. തുടർന്ന് പോലീസ് കൺട്രോൾ റൂമിലേക്ക് വിവരം കൈമാറുകയായിരുന്നു. പുലർച്ചെ മൂന്നുമണിയോടെ ഡയൽ 112 വഴി ലഭിച്ച അടിയന്തര സന്ദേശത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. തുടർന്ന ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ സഹോദരിമാരെ ആദ്യം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മീററ്റിലെ മെഡിക്കൽ സ്ഥാപനത്തിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഇരുവരും അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ഗഢ്മുക്തേശ്വർ സി.ഒ രാഹുൽ യാദവ് പ്രതിയെ കസ്റ്റഡിയിലെടുത്തതായും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അതേസമയം പ്രതി ഉപയോഗിച്ച ആസിഡ് എവിടെ നിന്നാണ് ലഭിച്ചതെന്ന് കണ്ടെത്തുന്നതിനും ആക്രമണത്തിന് പിന്നിലെ കൃത്യമായ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനുമായി ഹർഷ് ഭാട്ടിയെ പോലീസ് ചോദ്യം ചെയ്യുകയാണ്.






