മലപ്പുറം: കിഴിശ്ശേരിയിൽ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവറായ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ന്യായീകരിച്ചും മരിച്ച ഷൗക്കത്തിനെ വ്യക്തിഹത്യ ചെയ്തും യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ ഷാക്കിറിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ.
യുക്തിവാദം തലയ്ക്ക് കയറി നമ്മുടെ പരിസരത്ത് ഒരു യുവാവ് ആത്മഹത്യ ചെയ്തിട്ടുണ്ടെന്നായിരുന്നു ഷാക്കിറിന്റെ ഫേസ്ബുക്ക് കുറിപ്പിലെ പ്രധാന വിമർശനം. ജീവനൊടുക്കുന്നതിന് മുമ്പ് ഷൗക്കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പുകളെ പരാമർശിച്ചുകൊണ്ട്, മനുഷ്യനെയും ലോകത്തെയും കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്നത് വേറിട്ട അഭിപ്രായങ്ങളാണെന്നും അത് സാമാന്യബുദ്ധിയുള്ളവർക്കും വിശ്വാസികൾക്കും ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്നും ഷാക്കിർ കുറിച്ചു.
ഏതെങ്കിലും ഒരാൾ എന്തെങ്കിലും ചെയ്തതിന്റെ പേരിൽ നിരപരാധികളെ പഴിക്കെരുതെന്നും അദ്ദേഹം കുറിച്ചു. കുറിപ്പ് വിവാദമാവുകയും സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയരുകയും ചെയ്തതോടെ സി.കെ ഷാക്കിർ പോസ്റ്റ് പിൻവലിച്ചു.
സി.കെ ഷാക്കിർ പോസ്റ്റിങ്ങനെ-
യുക്തിവാദം തലയ്ക്ക് കയറി നമ്മുടെ പരിസരത്ത് ഒരു യുവാവ് ആത്മഹത്യ ചെയ്തിട്ടുണ്ട്. മാധ്യമങ്ങളും നവ മാധ്യമങ്ങളും തെറ്റായ നിരീക്ഷണങ്ങളാണ് ഇക്കാര്യത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് ആ മനുഷ്യൻ എഫ്ബിയിൽ കുറിപ്പ് ഇടുന്നുണ്ട്. അതു കഴിഞ്ഞ് സ്വന്തം അമ്മായിയെ കുറിച്ചും മയ്യിത്ത്(അദ്ദേഹത്തിന് ശവം എന്ന് ഉപയോഗിക്കാനായിരുന്നു ഇഷ്ടം) പള്ളിയിൽ മറവ് ചെയ്യരുതെന്നും മയ്യിത്ത് നിസ്‌കാരം പോലുള്ളവയൊന്നും നടത്തരുതെന്നും വിശദമായി അദ്ദേഹം എഫ്ബിയിൽ കുറിച്ചിട്ടുണ്ട്.
മനുഷ്യനെ കുറിച്ചും ഈ ലോകത്തെ കുറിച്ചും അദ്ദേഹത്തിന് വേറിട്ട അഭിപ്രായമായിരുന്നു. സാമാന്യ ബുദ്ധിയുള്ളവർക്കും വിശ്വാസികൾക്കും ഉൾക്കൊള്ളാൻ കഴിയുന്നതല്ല അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. സമൂഹത്തിൽ ഇതുപോലെ പല വഴിക്ക് ചിന്തിക്കുന്നവരും ജീവിക്കുന്നവരും മരിക്കുന്നവരുമുണ്ട്. എല്ലാവർക്കും നല്ലത് വരട്ടേയെന്ന് പ്രാർത്ഥിക്കാം. ആരെങ്കിലും ചെയ്ത അബദ്ധങ്ങൾക്ക് നിരപരാധികളെ പഴിക്കുന്ന മാധ്യമങ്ങളും നവ മാധ്യമങ്ങളിൽ അഭിപ്രായം പങ്കുവെക്കുന്നവർക്കും ആ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങൾ എന്തായിരുന്നു എന്നെങ്കിലും പരിശോധിക്കാവുന്നതാണ്.
(മതത്തെ പരിഹസിക്കുമ്പോ കയ്യടിക്കുന്ന കമ്യൂണിസ്റ്റ് അടിമകൾ ഈ പോസ്റ്റിനു താഴെ തെറി പറയുന്നുണ്ട്. പ്രതീക്ഷിച്ചതാണ്).






