മുംബൈ: ഒരു പ്രണയബന്ധം തകർന്നതോടെയാണ് മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷന്റെ (MPSC) ഡ്രഗ് ഇൻസ്പെക്ടർ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ നിർണായക വിവരങ്ങൾ പുറത്തുവന്നതെന്ന് റിപ്പോർട്ട്. കേസിലെ പ്രതികളിലൊരാളായ ഗൗരവ് പാട്ടിലാണ് എംപിഎസ്സിക്ക് ചോദ്യപേപ്പർ ചോർന്നതായി പരാതി നൽകിയത്. അന്വേഷണത്തിനൊടുവിൽ ഗൗരവ് ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പോലീസിന്റെ അന്വേഷണപ്രകാരം, ഡ്രഗ് ഇൻസ്പെക്ടർ പരീക്ഷാർഥിയും സൗരവിന്റെ കാമുകിയുമായ റുതുജ പാട്ടിലിന്റെ പിതാവ് അമൃത് പാട്ടിൽ മകൾക്ക് പരീക്ഷയിൽ സഹായമാകുന്നതിനായി നന്ദുർബാറിലെ കോച്ചിങ് സ്ഥാപനമായ കൗടില്യ അക്കാദമിയുടെ ഡയറക്ടർ പ്രവീൺ പാട്ടിലിൽ നിന്ന് ചോദ്യപേപ്പർ വാങ്ങിയെന്നാണ് ആരോപണം. പ്രവീണും ചില എംപിഎസ്സി ഉദ്യോഗസ്ഥരും തമ്മിൽ ആദ്യം അഞ്ച് ലക്ഷം രൂപയുടെ ഇടപാട് നടന്നതായും ആകെ തുക ഏകദേശം 12 ലക്ഷം രൂപയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
റുതുജ പിന്നീട് ലഭിച്ച ചോദ്യപേപ്പർ തന്റെ അന്നത്തെ കാമുകനായ ഗൗരവ് പാട്ടിലുമായി പങ്കുവെച്ചതായും പോലീസ് പറയുന്നു. മാർച്ച് 22ന് നടന്ന പരീക്ഷയിൽ റുതുജ വിജയിച്ചെങ്കിലും ഗൗരവ് പരാജയപ്പെട്ടു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പിന്നീട് ബന്ധം വേർപിരിയുകയും ചെയ്തു.
കാമുകി സർക്കാർ ജോലി നേടിയതോടെ തന്നെ ഉപേക്ഷിച്ച് മറ്റൊരാളുമായി പോകുമെന്ന ഭയത്തെ തുടർന്നാണ് ഗൗരവ് എംപിഎസ്സിക്ക് ഇ-മെയിൽ വഴി പരീക്ഷാ പേപ്പർ ചോർന്നതായി പരാതി നൽകിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. പിന്നീട് പരാതി പിൻവലിക്കാൻ ഗൗരവ് ശ്രമിച്ചെങ്കിലും അതിനകം എംപിഎസ്സി അന്വേഷണം ആരംഭിച്ചിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് വിദഗ്ധർ തയ്യാറാക്കിയ ചോദ്യബാങ്കിൽ നിന്ന് ചോദ്യങ്ങൾ അനധികൃതമായി പുറത്തെടുത്ത് പരീക്ഷയ്ക്ക് മുമ്പ് മറ്റൊരു ചോദ്യപേപ്പർ തയ്യാറാക്കിയതായി കണ്ടെത്തിയത്. ഈ ചോദ്യങ്ങൾ രഹസ്യമായി വിൽപ്പന നടത്തിയതായും അന്വേഷണ സംഘം സംശയിക്കുന്നു.
കേസിൽ എംപിഎസ്സിയിലെ അസിസ്റ്റന്റ് റൂം ഓഫീസർ വിശ്വേശ്വർ ദത്താത്രേയ നാകടെ, അണ്ടർ സെക്രട്ടറി അഭിജീത് ഗണപത്രാവു ലെൻഡ്വെ, അസിസ്റ്റന്റ് റൂം ഓഫീസർ ഗോപാൽ ഭട്ടു മറാത്തെ, നന്ദുർബാറിലെ കൗടില്യ അക്കാദമി ഡയറക്ടർ പ്രവീൺ ദിലീപ് പാട്ടിൽ, റുതുജയുടെ പിതാവ് അമൃത് നാംദേവ് പാട്ടിൽ, ഗൗരവ് പാട്ടിൽ എന്നിവരാണ് അറസ്റ്റിലായത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾക്ക് പുറമെ മഹാരാഷ്ട്ര മത്സര പരീക്ഷകളിലെ അന്യായ മാർഗങ്ങൾ തടയുന്നതിനുള്ള നിയമം, 2024, അഴിമതി നിരോധന നിയമം, 1988 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ എല്ലാവരെയും കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് സെപ്റ്റംബർ 2 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഡ്രഗ് ഇൻസ്പെക്ടർ നിയമന നടപടികൾ എംപിഎസ്സി റദ്ദാക്കി
അതേസമയം ചോദ്യപേപ്പർ ചോർച്ചയും പരീക്ഷയിലെ ക്രമക്കേടുകളും പുറത്തുവന്നതോടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പിലെ ഡ്രഗ് ഇൻസ്പെക്ടർ ഗ്രൂപ്പ് ബി തസ്തികയിലേക്കുള്ള മുഴുവൻ നിയമന നടപടികളും എംപിഎസ്സി റദ്ദാക്കി. മാർച്ച് 22ന് മഹാരാഷ്ട്രയിലെ ആറ് ഡിവിഷണൽ ആസ്ഥാനങ്ങളിലായാണ് ഓഫ്ലൈൻ സ്ക്രീനിങ് പരീക്ഷ നടന്നത്. ജൂൺ 12ന് ഫലം പ്രഖ്യാപിച്ചു. 506 പേരാണ് അഭിമുഖത്തിന് യോഗ്യത നേടിയത്. ഇതിൽ 488 പേരുടെ അഭിമുഖം ജൂലൈ 1 മുതൽ 22 വരെ നടത്തി.
എന്നാൽ ജൂലൈ 22 മുതൽ 26 വരെ ഉദ്യോഗാർഥികളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും എംപിഎസ്സിക്ക് നിരവധി പരാതികൾ ലഭിച്ചു. പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് തന്നെ ചില ഉദ്യോഗാർഥികൾക്ക് ചോദ്യപേപ്പറോ അതിലെ ചോദ്യങ്ങളോ ലഭിച്ചിരുന്നുവെന്നും പിന്നീട് ഇവ സോഷ്യൽ മീഡിയയിലൂടെയും മറ്റ് ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിപ്പിച്ചുവെന്നുമായിരുന്നു പരാതികളിലെ ആരോപണം.
പരാതികളിൽ നടത്തിയ അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നിലവിലെ നിയമന നടപടികൾ പൂർണമായി റദ്ദാക്കാൻ കമ്മീഷൻ തീരുമാനിച്ചത്. അതേസമയം, പരീക്ഷ വീണ്ടും നടത്തുമെന്ന് എംപിഎസ്സി വ്യക്തമാക്കി. നേരത്തെ അപേക്ഷിച്ച ഉദ്യോഗാർഥികൾ വീണ്ടും അപേക്ഷിക്കുകയോ അധിക ഫീസ് അടയ്ക്കുകയോ വേണ്ടതില്ലെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്.






