പെരുമ്പാവൂർ: ആലുവ സബ് ജയിലിൽ നിന്നും കഴിഞ്ഞ ദിവസം രക്ഷപ്പെട്ട പ്രതി ആധാർ കാർഡ് തിരികെ വാങ്ങാനായി പോലീസ് സ്റ്റേഷനിൽ എത്തിയതായി റിപ്പോർട്ട്. അസം സ്വദേശിയായ മധുർജ്യ സോനേവാൽ ആണ് തന്നെ കസ്റ്റഡിയിൽ എടുത്ത സമയത്ത് പോലീസ് വാങ്ങി വെച്ച ആധാർ കാർഡ് ആവശ്യപ്പെട്ട് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ എത്തിയത്.
സ്റ്റേഷനിൽ എത്തിയപ്പോഴാണ് പ്രതിക്ക് ബോധം വന്നത്. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ തന്നെ തിരിച്ചറിയുമോ എന്ന സംശയമായി. കഷ്ടപ്പെട്ട് ജയിൽ ചാടിയിട്ട് വീണ്ടും പിടിക്കപ്പെടുമെന്ന് ഭയന്നതോടെ ആധാർ കാർഡിനായി കാത്തുനിൽക്കാതെ ഇയാൾ അവിടെ നിന്നും അതിവേഗം കടന്നുകളയുകയായിരുന്നു.
കഴിഞ്ഞദിവസമാണ് മധുർജ്യ സോനേവാൽ ആലുവ സബ് ജയിലിൽ നിന്നും തടവ് ചാടിയത്. ഇയാൾക്കായി പോലീസ് ഊർജിതമായ തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ആരെയും അമ്പരപ്പിച്ചുകൊണ്ട് പ്രതി തികച്ചും അപ്രതീക്ഷിതമായി പോലീസ് സ്റ്റേഷനിൽ തന്നെ എത്തിയത്. സംഭവത്തിന് പിന്നാലെ വിരൽത്തുമ്പിൽ നിന്നും രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണം പോലീസ് കൂടുതൽ കർശനമാക്കി.






