ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനിടെ പാക്കിസ്ഥാനിലെ സൈനികരുടെ ആണവ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രമായ കിരാന ഹിൽസിൽ ഇന്ത്യൻ ലോയിറ്ററിംഗ് മ്യൂനിഷൻ ഡ്രോൺ പതിച്ചിരുന്നുവെന്ന് മുൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ സ്ഥിരീകരിച്ചു. എന്നാൽ കിരാന ഹിൽസിനെ ലക്ഷ്യമിട്ടല്ല ഡ്രോൺ ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂഡൽഹിയിലെ വിവേകാനന്ദ സെന്ററിൽ സംസാരിക്കവെയാണ് ജനറൽ അനിൽ ചൗഹാൻ അന്നത്തെ സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്. ഇസ്രയേൽ രൂപകൽപ്പന ചെയ്ത ഹാരോപ് ഡ്രോൺ ആയിരിക്കാനാണ് സാധ്യതയുള്ള ഇന്ത്യൻ ലോയിറ്ററിംഗ് മ്യൂനിഷൻ, പാക്കിസ്ഥാനിലെ സർഗോധ മേഖലയിലും കിരാന ഹിൽസിന് ചുറ്റുമുള്ള പ്രദേശങ്ങളിലും റഡാറുകൾ കണ്ടെത്തി ആക്രമിക്കാനായി അയച്ചതായാണ് അദ്ദേഹം പറഞ്ഞത്.
റഡാർ കണ്ടെത്തുന്നതിനായി മേഖലയിൽ നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന ഡ്രോണിന് നിശ്ചിത പ്രവർത്തന സമയം അവസാനിച്ചതോടെ ഇന്ധനം തീർന്നതാകാമെന്നും തുടർന്ന് കിരാന ഹിൽസിൽ പതിച്ചതാകാമെന്നും ജനറൽ ചൗഹാൻ വിശദീകരിച്ചു. “കിരാന ഹിൽസിനെ ലക്ഷ്യമിട്ടിട്ടില്ലെന്ന് എയർ മാർഷൽ എ.കെ. ഭാരതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതാണ് ശരി”- ജനറൽ ചൗഹാൻ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിന് മുമ്പ് സർഗോധയിലേക്കും കിരാന ഹിൽസിലേക്കും നിരവധി ലോയിറ്ററിംഗ് മ്യൂനിഷനുകൾ അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർഗോധയിൽനിന്ന് ഏകദേശം 10 കിലോമീറ്റർ വടക്കാണ് കിരാന ഹിൽസ് സ്ഥിതി ചെയ്യുന്നത്. റഡാറുകൾ കണ്ടെത്തുകയായിരുന്നു ഡ്രോണുകളുടെ ലക്ഷ്യം. ഏകദേശം രണ്ട് മണിക്കൂർ വരെ ലക്ഷ്യം കണ്ടെത്തുന്നതിനായി ഇവയ്ക്ക് മേഖലയിൽ ചുറ്റിക്കറങ്ങാൻ കഴിയുമെന്നും ലക്ഷ്യം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ മറ്റൊരു സ്ഥലത്ത് പതിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ലക്ഷ്യം കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ അവയിൽ ഒന്ന് കിരാന ഹിൽസിലെ ഏതെങ്കിലും ഭാഗത്ത് പതിച്ചിരിക്കാം, എന്നായിരുന്നു ജനറൽ ചൗഹാന്റെ വിശദീകരണം. അതേസമയം, പാക് അധീന കശ്മീരിലെ സ്കാർദുവിൽ ആക്രമണം നടത്താൻ ഇന്ത്യൻ വ്യോമസേനയ്ക്ക് അനുമതി നൽകിയിരുന്നുവെന്നും ജനറൽ ചൗഹാൻ സ്ഥിരീകരിച്ചു. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് ആ ദൗത്യം അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. സർഗോധയെ ആക്രമിക്കണമോ എന്ന് വ്യോമസേനാ മേധാവി തന്നോട് ചോദിച്ചപ്പോൾ ആക്രമണത്തിന് അനുമതി നൽകിയെന്നും അതോടൊപ്പം രണ്ട് ലക്ഷ്യങ്ങൾ കൂടി കണ്ടെത്താൻ നിർദേശിച്ചെന്നും ജനറൽ ചൗഹാൻ പറഞ്ഞു.
അതിലൊന്നായിരുന്നു സ്കാർദു. ആക്രമണത്തിന് അനുമതി നൽകിയെങ്കിലും പിന്നീട് സ്കാർദുവിലെ കാലാവസ്ഥ മോശമായതോടെ ലക്ഷ്യം മാറ്റി ഭോലാരിയിലേക്ക് ആക്രമണം നടത്തുകയായിരുന്നു. അതേസമയം മേയ് 10ന് ഇന്ത്യൻ വ്യോമസേന നടത്തിയ ഭോലാരി ആക്രമണം ഓപ്പറേഷൻ സിന്ദൂരിലെ ഏറ്റവും ശ്രദ്ധേയമായ ദൃശ്യങ്ങളിലൊന്നായി മാറിയിരുന്നു. ഗാന്ധിനഗർ ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റേൺ എയർ കമാൻഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
ആക്രമണത്തിന് പിന്നാലെയുള്ള ഉപഗ്രഹ ചിത്രങ്ങളിൽ ഭോലാരി ഹാംഗറിന്റെ മേൽക്കൂരയിൽ വലിയ വിള്ളലും തകർന്ന ഭാഗവും കാണാമായിരുന്നു. ഹാംഗറിനും റൺവേയ്ക്കുമിടയിലെ പ്രദേശത്ത് അവശിഷ്ടങ്ങൾ ചിതറിക്കിടന്നതും ആക്രമണത്തിന്റെ ശക്തി വ്യക്തമാക്കുന്നതായിരുന്നു. നാശനഷ്ടം പ്രധാനമായും ഒരു കെട്ടിടത്തിൽ കേന്ദ്രീകരിച്ചിരുന്നതായും ഇത് ആക്രമണത്തിന്റെ കൃത്യതയിലേക്ക് വിരൽചൂണ്ടുന്നതായും ചിത്രങ്ങൾ സൂചിപ്പിച്ചിരുന്നു.






