ബറേലി: പ്രണയിച്ച് വിവാഹിതരായി ഒരു മാസം പിന്നിടുന്നതിനിടെ 28കാരനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബറേലിയിൽ സി.ബി. ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
നവാഡിയ ഗ്രാമം സ്വദേശിയായ ഫൈസാനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ വാർഡ് ബോയ് ആയി ജോലി ചെയ്യവെയാണ് 22കാരിയായ ജാസ്മിനെ ഫൈസാൻ വിവാഹം കഴിച്ചത്. ഇരു കുടുംബങ്ങളിൽനിന്നും അകന്ന് വാടകവീട്ടിലായിരുന്നു ദമ്പതികളുടെ താമസം. ഏകദേശം ഒരു മാസം മുമ്പാണ് ഇരുവരും പ്രണയവിവാഹം കഴിച്ചത്.
ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഫൈസാൻ ഉറങ്ങാൻ പോയിരുന്നു. ഭാര്യയും ഇതേ മുറിയിൽ ഉറങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ ഉറക്കമുണർന്നപ്പോഴാണ് സീലിംഗ് ഫാനിൽ ദുപ്പട്ട ഉപയോഗിച്ച് ഫൈസാനെ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്നാണ് ജാസ്മിൻ പോലീസിന് മൊഴി നൽകിയത്. തുടർന്ന് യുവതി സ്വന്തം കുടുംബാംഗങ്ങളെയും ഭർത്താവിന്റെ ബന്ധുക്കളെയും വിവരമറിയിക്കുകയും പോലീസിൽ വിവരം നൽകുകയും ചെയ്തു.
ഫൈസാന്റെ വിവാഹത്തിൽ കുടുംബത്തിലെ ചിലർക്ക് എതിർപ്പുണ്ടായിരുന്നെന്നും ഇതിനെ തുടർന്ന് കുടുംബാംഗങ്ങൾ ഫൈസാനുമായി ബന്ധം വിച്ഛേദിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. കുടുംബത്തിൽനിന്നുള്ള അകൽച്ചയെ തുടർന്ന് ഫൈസാൻ മാനസിക സമ്മർദത്തിലായിരുന്നുവെന്നും ഭാര്യ മൊഴി നൽകിയതായി പോലീസ് അറിയിച്ചു.
അതേസമയം, ഫൈസാന്റെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. മൃതദേഹത്തിന്റെ തലയിൽനിന്ന് രക്തം പുറത്തേക്ക് വന്നിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. സംഭവസ്ഥലത്തെത്തി പോലീസ് തെളിവുകൾ ശേഖരിക്കുകയും കുടുംബാംഗങ്ങളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. മരണത്തിന്റെ യഥാർഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂവെന്ന് സിറ്റി-2 സർക്കിൾ ഓഫീസർ നിതിൻ കുമാർ പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച തെളിവുകൾ, കുടുംബാംഗങ്ങളുടെ മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. മരണത്തിൽ ആത്മഹത്യയാണോ മറ്റെന്തെങ്കിലും കാരണമാണോ എന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്.






