പത്തനംതിട്ട: അടൂർ സ്വദേശിയായ യുവാവിനു നേരെ ശാസ്താകോട്ട പോലീസിന്റെ അതിക്രൂര പീഡനം. യുവാവിന്റെ ജനനേന്ദ്രിയം തകർത്തു. പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ കൊല്ലം ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ കാറിൽ കയറ്റിക്കൊണ്ടുപോയി മൂന്നുമണിക്കൂറിലധികം മർദിച്ചുവെന്നാണ് പരാതി. മെയ് 29 നാണ് സംഭവം നടന്നത്. സംഭവത്തിൽ ശാസ്താംകോട്ട ഡിവൈഎസ്പി ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകിയിട്ടും നീതി കിട്ടിയില്ലായെന്നും പരാതിയിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിച്ചുവെന്നും യുവാവ് പറയുന്നു.
മെയ് 29ന് കൂട്ടുകാരന്റെ വിവാഹമായിരുന്നു. അവരുമായി സംസാരിക്കുന്നതിനിടെ സ്വിഫ്റ്റ് കാറിലെത്തിയ പോലീസ് തന്റെയടുത്ത് സഹോദരനെ അന്വേഷിച്ച് വന്നുവെന്നും ഫൈസൽ എന്ന സാറ് പുറത്തിറങ്ങി തന്നെ നടുവിനു പിടിച്ച് കാറിനകത്തേക്ക് കയറ്റിയെന്നും വാഹനത്തിനകത്തിരുന്ന സാറ് ജാതീയമായി അധിക്ഷേപിച്ചുവെന്നും യുവാവ് പറയുന്നു.
തന്റെ ശബ്ദം കേൾക്കാതിരിക്കാൻ കാറിന്റെ ഗ്ലാസ് മുഴുവൻ താഴ്ത്തി, വാഹനത്തിൽ ക്രിക്കറ്റ് കളി ഉറക്കെ വച്ചു. തുടർന്ന് ഫൈസൽ മൂക്കിനിട്ട് ഇടിച്ചു, മറ്റേ സാറ് കുനിച്ചുനിർത്തി, രണ്ടുപേരും കൂടി പുറത്തും നടുവിനും ഇടിച്ചു. കൈരണ്ടും പിന്നിലേക്ക് പിടിച്ച് ജനനേന്ദ്രിയം പിടിച്ചു ഞെരിച്ചുടച്ചു. കുറച്ചുകഴിഞ്ഞപ്പോൾ എന്റെ കണ്ണുരണ്ടും തള്ളിവന്നു. അപ്പോഴേക്കും കാറിന്റെ മുൻ സീറ്റിലിരുന്ന എസ്ഐ വിടാൻ പറഞ്ഞ് അവരുടെ കൈ പിടിച്ചുമാറ്റിയെന്നും യുവാവ് പറയുന്നു. ഇതോടെ ഫൈസൽ തന്റെ പള്ളയ്ക്ക് കൈകൊണ്ട് ഇടിച്ചുവെന്നും യുവാവ് വിവരിക്കുന്നു. ഈ ആക്രമണം മൂന്നുമണിക്കൂറോളം തുടർന്നു. സഹോദരനായി ബന്ധുവീടുകളിലടക്കം പരിശോധന നടത്തുമ്പോഴും തന്നെ പോലീസ് മർദ്ദിക്കുകയായിരുന്നു. മർദനശേഷം തനിക്കു യൂറിൻ ഒഴിക്കാനോ, അടിവസ്ത്രം വരെ ഇടാനോ പറ്റുന്നില്ലായിരുന്നുവെന്നും യുവാവ് പറയുന്നു.
എന്നെ പരിശോധിച്ച ഡോക്ടർക്ക് അവസ്ഥ കണ്ട് ശരിക്കും വിഷമം ആയി. നിങ്ങൾ കർശന നിയമനടപടിയുമായിട്ട് പോകണം എന്നും കോടതിയിൽ എന്തെങ്കിലും കാര്യത്തിന് വിളിക്കുകയാണെങ്കിൽ ഞാൻ വന്ന് റിപ്പോർട്ട് ചെയ്യാമെന്നും ഡോക്ടർ ഇങ്ങോട്ട് പറഞ്ഞു. എന്റെ പ്രായത്തിലുള്ള ഒരു മോൻ ഉണ്ടെന്നും പുള്ളി പറഞ്ഞു.
ജനനേന്ദ്രിയത്തിന് ഗുരുതര പരുക്കാണ് പറ്റിയതെന്നും ശരിയായി ചികിത്സിച്ചില്ലെങ്കിൽ കുഞ്ഞുങ്ങൾ ഒന്നും ഉണ്ടാവില്ലെന്നും ഡോക്ടർ പറഞ്ഞു. ‘കൈ വിരൽ ഉപയോഗിച്ച് അവിടെ ഇങ്ങനെ ഞെരിക്കുകയായിരുന്നു. ഇവർ ആദ്യമേ കൈ പിടിച്ചു വെച്ചിരുന്നു. എന്റെ തുടയുടെ മുകളിൽ കാൽ വെച്ച് കുരുക്കിയിട്ടിട്ടാണ് ഇങ്ങനെ ചെയ്തത്. ഞാൻ വേദനകൊണ്ട് ഇങ്ങനെ കിടന്ന് പുളയുകയായിരുന്നു.
ഞങ്ങൾ വക്കീലുമായി സംസാരിച്ചിട്ട് നേരെ കോടതിയിലോട്ടാണ് പരാതി കൊടുത്തത്. മുഖ്യമന്ത്രിക്കും അഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പട്ടികജാതി കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും എല്ലാം പരാതി കൊടുത്തു. ഈ പരാതിയിൽ മൊഴിയെടുക്കാൻ ശാസ്താംകോട്ട പോലീസ് വിളിച്ചിരുന്നു.
മൊഴിയെടുത്തു തുടങ്ങിയപ്പോൾ ജാതി വിളിച്ച് അധിക്ഷേപിച്ചതൊന്നും പറയേണ്ടെന്നും ഭാവി ഉള്ളതല്ലേ അതിന്റെ പുറകെ കിടന്ന് ഓടണ്ട എന്നും അവർപറഞ്ഞു. വൃഷണം ഞെരിച്ചതൊന്നും അവർ എഴുതാൻ കൂട്ടാക്കിയില്ല. മർദ്ദിച്ചു, തല്ലി എന്നുള്ള രീതിയിൽ മാത്രം ആക്കാൻ ശ്രമിക്കുകയായിരുന്നു. ‘ഇവര് കള്ളക്കേസും കൊണ്ടുവന്നവരാണ്’ എന്ന് മറ്റു പോലീസുകാരുടെ അടുത്ത് പറഞ്ഞു. ഇത് കേട്ടപ്പോൾ എല്ലാ പോലീസുകാരും അവിടെ വന്നവരും നമ്മളെ ഇങ്ങനെ നോക്കുന്നുണ്ടായിരുന്നു.
പിന്നീട് പോലീസ് കംപ്ലൈന്റ് അതോറിറ്റിയിലും കോടതിയിലും പരാതി നൽകി. ജഡ്ജിയുടെ അടുത്ത് ഞാൻ കാര്യങ്ങൾ പറഞ്ഞു. മർദിച്ച രണ്ടു പേരെ തിരിച്ചറിഞ്ഞു. ശാസ്താംകോട്ട സ്റ്റേഷനിൽ ജോലി ചെയ്ത ആളുകളാണവർ. ‘ഞങ്ങൾ അങ്ങനെ പിടിച്ചില്ല’ എന്ന് അവർ ജഡ്ജിയോട് പറഞ്ഞപ്പോൾ ‘ഈ പയ്യൻ പറയുന്ന കാര്യങ്ങളെല്ലാം ഈ റിപ്പോർട്ടിനകത്തുണ്ട്, റിപ്പോർട്ട് കള്ളം പറയത്തില്ലല്ലോ’ -എന്ന് ജഡ്ജി പറഞ്ഞു. പോലീസുകാർ തല കുനിച്ച് നിൽക്കുന്നത് കണ്ട് ഇതുതന്നെ ഇതിനുത്തരം ആണല്ലോടോ എന്ന് പറഞ്ഞു. എനിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നു. ഇനി നാളെ ഒരു പിള്ളാർക്കും ഈഅവസ്ഥ വരരുത്’ -യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. യുവാവിന്റെ പരാതി പരിഗണിച്ച പൊലീസ് കംപ്ലൈന്റ്സ് അതോറിറ്റി, വിശദമായ റിപ്പോർട്ടിനും മറ്റുമായി അടുത്ത മാസത്തേക്ക് കേസ് മാറ്റിവെച്ചു.






