ചേർത്തല: ട്രെയിൻ നിർത്തുന്നതിനു മുൻപ് ഇറങ്ങുന്നതിനിടെ വീണ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയ നിയമവിദ്യാർഥിനിയുടെ വലതുകാലിന്റെ പാദം തുന്നിച്ചേർക്കാനുള്ള ശ്രമത്തിൽ ആശുപത്രി ജീവനക്കാർ. ഈ ശ്രമം ഇന്നലെ രാത്രി വൈകിയും തുടർന്നു. കടക്കരപ്പള്ളി തറേപ്പറമ്പിൽ രാധാകൃഷ്ണൻ-നിഷ ദമ്പതിമാരുടെ മകൾ കാർത്തിക രാധാകൃഷ്ണൻ (21) ആണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടോടെ ചേർത്തല റെയിൽവേ സ്റ്റേഷനിലായിരുന്നു ദാരുണമായ അപകടം.
കാർത്തികയെ കൂട്ടിക്കൊണ്ടു പോകാൻ അമ്മ നിഷയും ഇരട്ട സഹോദരി രോഹിണിയും സ്റ്റേഷനിൽ എത്തിയിരുന്നു. ഇവരുടെ കൺമുന്നിലാണ് അപകടമുണ്ടായത്. കാർത്തികയെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോയതിനു ശേഷമാണ് പാളത്തിൽ പാദം കണ്ടെത്തിയത്. പിന്നാലെ പോലീസ് ജീപ്പിൽ അത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് എൽഎൽബിക്കു പഠിക്കുന്ന കാർത്തിക കൊച്ചുവേളി-മൈസൂരു എക്സ്പ്രസിൽ ചേർത്തലയിൽ ഇറങ്ങുന്നതിനിടെയാണു വീണത്. പെൺകുട്ടി വീണതോടെ നീങ്ങിത്തുടങ്ങിയ ട്രെയിൻ യാത്രക്കാർ ബഹളം വെച്ചതിനെത്തുടർന്ന് 15 മിനിറ്റോളം നിർത്തിയിട്ടു. തുടർന്ന് കാർത്തികയെ ചേർത്തല പോലീസും റെയിൽവേ പോലീസും നാട്ടുകാരും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പിന്നീട് പാളത്തിൽ നടത്തിയ പരിശോധനയിലാണ് അറ്റുപോയ പാദം കണ്ടെത്തിയത്.






