കൊച്ചി: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി. സതീശനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. ഒപ്പിട്ടതിന്റെ പേരിൽ ആളെ പറ്റിക്കരുതെന്നു പറഞ്ഞ നേതാവ് ധൈര്യമുണ്ടെങ്കിൽ പദ്ധതിയിൽ നിന്ന് പിന്മാറാൻ വെല്ലുവിളിച്ചു. പറവൂരിൽ നടന്ന ബിജെപി ധർണയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘ഒപ്പിട്ടതിനാൽ പിന്മാറാൻ കഴിയില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കരുത്. പിഎം ശ്രീ പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന സർക്കാരിനുണ്ടെന്ന് കേന്ദ്രം പാർലമെന്റിൽ വ്യക്തമാക്കി കഴിഞ്ഞു. ഇനി യുഡിഎഫ് സർക്കാർ ആർജ്ജവം കാണിക്കണം. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ മറ്റുള്ള ഗ്രാൻഡുകളെ ബാധിക്കില്ല. പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന കാരണത്താൽ കേന്ദ്രം കേരളത്തിന്റെ കുത്തിന് പിടിക്കാൻ വരില്ല.’ -ജിജി ജോസഫ് പറഞ്ഞു.
അതുപോലെ പിഎം ശ്രീ ഒപ്പിട്ടപ്പോൾ സിപിഐയ്ക്ക് പിന്നാലെ നാട്ടിലെ ജമാ അത്തെ ഇസ്ലാമിക്കാരും എസ്ഡിപിഐക്കാരും ഇറങ്ങിയത് കൊണ്ടാണ് പിണറായി സർക്കാർ പിന്നോട്ട് പോയതെന്ന് ജിജി ജോസഫ് ആരോപിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്നാണ് കെഎം ഷാജി പറഞ്ഞത്. എയ്റോപ്ലെയിൻ പറക്കും പോലെ വേഗത്തിൽ യുഡിഎഫ് എത്തി. വേങ്ങരയിൽ നിന്ന് 50 കിലോമീറ്ററേ അറബിക്കടലിലേക്കുള്ളൂ. എന്നിട്ട് പിഎം ശ്രീ പദ്ധതി കൊണ്ട് കടലിൽ കളഞ്ഞോ എന്നും ജിജി ജോസഫ് പരിഹസിച്ചു.






