ഹൈദരാബാദ്: തെലങ്കാനയിലെ നൽഗൊണ്ടയിൽ 48കാരിയായ സ്കൂൾ പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പത്താം ക്ലാസ് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടിയാണ് വിദ്യാർഥികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
കൊണ്ടമല്ലേപ്പള്ളിയിലെ നാഗാർജുന പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പലും ഡയറക്ടറുമായ കല്ലു രൂപ റെഡ്ഡിയെ ഓഗസ്റ്റ് 12നാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ 27 കുത്തേറ്റ പാടുകളുണ്ടായിരുന്നു. ഹൈദരാബാദിലായിരുന്ന ഭർത്താവ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിയാത്തതിനെ തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് രൂപ റെഡ്ഡിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇതോടെ കേസിൽ അഞ്ച് സംഘങ്ങളായി പോലീസിനെ നിയോഗിച്ച് സിസിടിവി ദൃശ്യങ്ങൾ, ഫോറൻസിക് തെളിവുകൾ, വിരലടയാളങ്ങൾ, സാങ്കേതിക വിവരങ്ങൾ, പ്രതികളുടെ നീക്കങ്ങൾ എന്നിവ പരിശോധിച്ചു. 80ലേറെ പേരെയും ചോദ്യം ചെയ്തു. അന്വേഷണത്തിനിടെ രൂപ റെഡ്ഡി കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അമ്മായിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലെ അവസാന വാക്കായ ‘ബാബു’ നിർണായക സൂചനയായി. ഈ വാക്കിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സ്കൂൾ വിദ്യാർഥികളിലേക്ക് പോലീസിനെ എത്തിച്ചത്.
തുടർന്ന് സ്കൂളിൽ നിന്ന് വിട്ടുനിന്നിരുന്ന പത്താം ക്ലാസ് വിദ്യാർഥികളിൽ അഞ്ചുപേരെ പോലീസ് നിരീക്ഷിച്ചു. ഇവരിൽ രണ്ട് പേർ അടുത്ത ദിവസങ്ങളിൽ വലിയ തോതിൽ പണം ചെലവഴിക്കുന്നതും പാർട്ടികൾ നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടതോടെ സംശയം ശക്തമായി. ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
നേരത്തെ ഹോസ്റ്റൽ ബാഗുകളിൽ നിന്ന് പണവും മൊബൈൽ ഫോണും കണ്ടെത്തിയതിനെ തുടർന്ന് രൂപ റെഡ്ഡി വിദ്യാർഥികളെ ശാസിക്കുകയും മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇവരെ ഹോസ്റ്റലിൽ നിന്ന് മാറ്റി ഡേ സ്കോളർമാരാക്കിയിരുന്നു. ഇതാണ് പ്രിൻസിപ്പലിനോട് വിദ്യാർഥികൾക്ക് വിരോധമുണ്ടാകാൻ കാരണമായതെന്നാണ് പോലീസിന്റെ നിഗമനം.
കൊലപാതകത്തിന് അഞ്ച് ദിവസം മുമ്പ് മുതൽ വിദ്യാർഥികൾ വീടിന്റെ പരിസരം നിരീക്ഷിച്ച് പദ്ധതിയിട്ടിരുന്നു. തിരിച്ചറിയാതിരിക്കാനായി കയ്യുറകളും കത്തിയും, മങ്കി ക്യാപ്പും വാങ്ങി. സംഭവദിവസം ഒരാൾ മങ്കി ക്യാപ്പും കയ്യുറകളും ധരിച്ച് വീട്ടിൽ കയറി. കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 2.5 ലക്ഷം രൂപ കണ്ടെത്തി പണവുമായി രക്ഷപ്പെടുന്നതിനിടെ മങ്കി ക്യാപ്പ് ഊരിപ്പോയി. ഇതോടെ രൂപ റെഡ്ഡി ഇയാളെ തിരിച്ചറിഞ്ഞു. തങ്ങളെ തിരിച്ചറിയുമെന്ന ഭയത്തിൽ വിദ്യാർഥി കത്തി ഉപയോഗിച്ച് 27 തവണ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.
തുടർന്ന് കൊലപാതകത്തിന് ശേഷം രക്തം പുരണ്ട വസ്ത്രങ്ങളും മങ്കി ക്യാപ്പും കുഴിച്ചുമൂടി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഇരുവരും ഗോവയിലേക്ക് യാത്ര പോയതായും പോലീസ് പറഞ്ഞു. പ്രതികളിൽ നിന്ന് 1.54 ലക്ഷം രൂപ പണമായി കണ്ടെടുത്തു. ഇതിൽ രക്തക്കറയുള്ള നോട്ടുകളും ഉൾപ്പെടുന്നു. രൂപ റെഡ്ഡിയുടെ മൊബൈൽ ഫോണിനൊപ്പം പ്രതികൾ വാങ്ങിയ ഐഫോണും പോലീസ് പിടിച്ചെടുത്തു.
കൊലപാതകത്തിന് മുമ്പ് വേഗത്തിൽ പണം സമ്പാദിക്കാനുള്ള മാർഗങ്ങൾ അറിയാൻ വിദ്യാർഥികൾ വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമിൽ തിരച്ചിൽ നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.






