കോഴിക്കോട്: സിപിഎം അനുകൂല സോഷ്യൽ മീഡിയ പേജായ ‘കുട്ടിസഖാവ്’ മെറ്റ ഒഴിവാക്കിയതിൽ പ്രതികരണവുമായി കാന്തപുരം സുന്നി വിഭാഗം രംഗത്ത്. കൃത്യമായ ശിക്ഷണത്തിലൂടെ സിയാൻ കുട്ടിയാവേണ്ടതുണ്ട്, മുഹമ്മദ് സിയാനെ വിൽക്കരുത്. മാതാപിതാക്കൾ തിരുത്തണമെന്നും കാന്തപുരം വിഭാഗത്തിന്റെ വിദ്യാർഥി വിഭാഗമായ എസ്എസ്എഫ് മുഖപത്രമായ രിസാല അപ്ഡേറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
ലേഖനത്തിൽ പറയുന്നതിങ്ങനെ- തിരൂരിലെ വൈറൽ താരം ‘കുട്ടിസഖാവ്’ മുഹമ്മദ് സിയാന്റേത് അമിത മുതിർച്ചയാണ്. അത് പരിഹരിക്കപ്പെടേണ്ട വൈകല്യമാണ്. ഇൻസ്റ്റഗ്രാം മെറ്റ എന്ന കമ്പനിയുടെ പ്ലാറ്റ്ഫോം ആണ്. കുട്ടികൾ അത് ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. ഉള്ളടക്കത്തിന് നിയന്ത്രണം ഉണ്ട്. സെൻസിറ്റീവ് ഒന്നും പാടില്ല. അക്കൗണ്ട് നീക്കിയത് മെറ്റയുടെ തീരുമാനം ആണ്. സിയാന്റെ കവിളിൽ കുത്തി വേദനിപ്പിക്കാതെ അത് അവനെ ബോധ്യപ്പെടുത്തണം.
മുതിർന്നവർ ചെയ്യുന്ന കാര്യങ്ങൾ കുട്ടികൾ ചെയ്തു കാണുമ്പോൾ കൗതുകം തോന്നും. എന്നാൽ അത് അശ്ലീലമാണ്. പിണറായി മുതൽ അശോകൻ ചെരുവിൽ വരെ ‘ഷെയറെന്റിങ്’ ദ വാക്കിന്റെ അർഥം പഠിക്കണം. ചെങ്കൊടിയും അത് പേറുന്ന രാഷ്ട്രീയവും സിയാന്റെ വ്യവഹാര വിഷയമല്ല. മുതിർന്നവർക്ക് ആർത്തുചിരിക്കാൻ കുഞ്ഞുനാവിൽ നിന്ന് വലിയ വാക്കുകൾ പുറന്തള്ളരുത്. രാഷ്ട്രീയത്തിന് ആളെക്കൂട്ടാൻ സിയാനെ ഉപയോഗിക്കുകയാണ്.






