തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. എക്‌സൈസ് നാർക്കോട്ടിക് സ്പെഷൽ സ്‌ക്വാഡ് ഇന്നു പുലർച്ചെ നടത്തിയ പരിശോധനയിലാണ് 125 ഗ്രാം എംഡിഎംഎയുമായി ഇവരെ പിടികൂടിയത്.
ഓണത്തോടനുബന്ധിച്ച് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നെയ്യാറ്റിൻകരയിലെ ആറാലുംമൂട്ടിൽ പുലർച്ചെ നടത്തിയ വാഹനപരിശോധനയിലാണ് നാലംഗ സംഘം കുടുങ്ങിയത്. ഈഞ്ചക്കൽ സ്വദേശികളായ കിരൺ, അമ്മ ബീന, കിരണിന്റെ സുഹൃത്തുക്കളായ സന്ധ്യ, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 125 ഗ്രാം എംഡിഎംഎയും കടത്താൻ ഉപയോഗിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്ന് കാറിൽ തലസ്ഥാനത്തേക്ക് എംഡിഎംഎ കടത്തിക്കൊണ്ടുവരികയായിരുന്നു പ്രതികൾ.
ലഹരിക്കടത്തിൽ പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിക്കാൻ കിരണിന്റെ എട്ടു വയസുള്ള മകളെയും പ്രതികൾ യാത്രയിൽ ഒപ്പം കൂട്ടിയിരുന്നു. കുട്ടിയെ സുരക്ഷിതമായി ബന്ധുക്കളെ ഏൽപ്പിച്ചുവെന്ന് അസി.എക്‌സൈസ് കമ്മിഷണർ മനോജ് അറിയിച്ചു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറച്ചു നാളുകളായി ഇവരെ നിരീക്ഷിക്കുകയായിരുന്നുവെന്നും അസി. കമ്മിഷണർ അറിയിച്ചു.






