തൊടുപുഴ: ഇടവെട്ടിയിൽ ലഹരിമരുന്നുമായി നാല് പേർ പിടിയിൽ. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറി കൂടിയായ ടി.എം. ഷിയാസ്, ആഷിഖ്, നിഹാൻ, ആർഷിത് എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയിട്ടുള്ള ആളാണ് ഡിവൈഎഫ്‌ഐ നേതാവായ ഷിയാസ്. ഇടവെട്ടിയിൽ വെച്ചാണ് ഇവരെ പോലീസ് ലഹരിക്കടത്തിന് പിടിയിലായത്. ഓട്ടോറിക്ഷയിലും കാറിലുമായി സഞ്ചരിക്കുകയായിരുന്ന ഇവരുടെ പക്കൽ നിന്ന് 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.
ലഹരിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയിരുന്ന ഡിവൈഎഫ്ഐ നേതാവാണ് ഷിയാസ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നതായി വിവരമുണ്ട്. തുടർന്ന് ഡിഅഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയ ശേഷമാണ് വീണ്ടും പാർട്ടി പ്രവർത്തനത്തിൽ സജീവമായത്.
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് സീറ്റിൽ മത്സരിച്ചെങ്കിലും ഷിയാസ് പരാജയപ്പെട്ടിരുന്നു. ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.






