ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓൺലൈൻ വായ്പാ ആപ്പുകൾ വഴി അജീഷ് വൻതുക വായ്പയെടുത്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. വായ്പ തിരിച്ചടയ്ക്കുന്നതിനായി മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും പണം നൽകാതിരുന്നതിലുള്ള വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
പാറത്തറയിൽ ആന്റണി (59), ഭാര്യ വത്സമ്മ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അജീഷ് (26) പൊലീസ് കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം നടന്നത്. മാതാപിതാക്കളുമായി അജീഷ് വഴക്കിട്ടിരുന്നതായും തുടർന്ന് ഇരുവരെയും ആക്രമിച്ചതായുമാണ് പൊലീസ് പറയുന്നത്.
അജീഷ് ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ നേരത്തെ ഡീഅഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ലഹരി ഉപയോഗം, കുടുംബവഴക്ക്, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
സംഭവത്തിന് പിന്നാലെ അജീഷ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബന്ധുവിന് അയച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ബന്ധു വിവരം ഇടവക വികാരിയെ അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. പൊലീസ് അജീഷിനെ കസ്റ്റഡിയിലെടുത്തു.
അതേസമയം, അജീഷ് അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും മൊഴികളിൽ വൈരുധ്യമുള്ളതിനാൽ പൊലീസ് അത് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിക്കാൻ അന്വേഷണം തുടരുകയാണ്.
അജീഷിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള തെളിവുകളും സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. വായ്പാ ആപ്പുകളിൽ നിന്ന് എത്ര തുക എടുത്തിരുന്നു, പണം എങ്ങനെ വിനിയോഗിച്ചു, തിരിച്ചടവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി ഉണ്ടായിരുന്ന തർക്കത്തിന്റെ സ്വഭാവം എന്നിവയും അന്വേഷണത്തിന്റെ ഭാഗമാണ്.
അജീഷിന്റെ സഹോദരൻ വിദേശത്താണെന്നാണ് വിവരം. ഫൊറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.




