ടെഹ്റാൻ: അമേരിക്കൻ സൈനികരെ പിടികൂടുകയോ കൊല്ലുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ. സ്ത്രീകൾക്ക് ഇതിന്റെ ഇരട്ടിയായ 60,000 ഡോളർ നൽകുമെന്നും ഇറാൻ സൈനിക മേധാവി അമീർ ഹതാമി പ്രഖ്യാപിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ സൈനികരെ പിടികൂടി ഇറാൻ സൈന്യത്തിന് കൈമാറുകയോ കൊല്ലുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ അഥവാ 500 കോടി ഇറാനിയൻ റിയാലിന് തുല്യമായ തുക പാരിതോഷികമായി നൽകുമെന്നാണ് ഹതാമി അറിയിച്ചത്. ഇത്തരമൊരു പദ്ധതിയിൽ പങ്കെടുക്കാൻ നിരവധി പേർ താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പ്രഖ്യാപനമെന്നും ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തതായി എഎഫ്പി വ്യക്തമാക്കി.
“അധിനിവേശ അമേരിക്കൻ സൈനികരെ കൊല്ലുകയോ, പിടികൂടി കൈമാറുകയോ ചെയ്യുന്നവർക്ക് ഇറാൻ സൈന്യത്തിന്റെ ഭാഗമായുള്ള പ്രതിഫലമായി 30,000 ഡോളർ ലഭിക്കും,” ഹതാമിയെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ധീരരായ ഇറാനിയൻ വനിതകൾ അമേരിക്കൻ സൈനികരെ പിടികൂടുകയോ കൊല്ലുകയോ ചെയ്താൽ 60,000 ഡോളർ ലഭിക്കുമെന്ന് ഹതാമി വ്യക്തമാക്കി. എന്നാൽ ഈ നടപടികൾ എപ്പോൾ, എവിടെ നടത്തണമെന്നതിനെക്കുറിച്ച് അദ്ദേഹം പ്രത്യേക നിർദേശങ്ങളൊന്നും നൽകിയിട്ടില്ല. ഇതിനു പുറമെ മറ്റൊരു ആനുകൂല്യവും പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്. അമേരിക്കൻ സൈനികനെ കൊല്ലാൻ ഉപയോഗിച്ച ആയുധം അതിന്റെ യഥാർത്ഥ വിലയുടെ ഇരട്ടിക്ക് സർക്കാർ വാങ്ങുകയും പകരം പുതിയ ആയുധം നൽകുകയും ചെയ്യും. ഉപയോഗിച്ച ആയുധം ഭാവിയിൽ സ്ഥാപിക്കുന്ന മ്യൂസിയത്തിൽ സൂക്ഷിക്കുമെന്നും ഹതാമി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
അതുപോലെ അമേരിക്കൻ സൈനിക ശക്തിയെക്കുറിച്ചുള്ള അവകാശവാദങ്ങൾ ഇറാനുമായുള്ള യുദ്ധത്തിൽ തുറന്നുകാട്ടപ്പെട്ടുവെന്നും ഹതാമി അവകാശപ്പെട്ടു. മധ്യപൂർവദേശത്ത് നിന്ന് അമേരിക്ക പിൻവാങ്ങണമെന്ന ഇറാന്റെ നിലപാടും അദ്ദേഹം ആവർത്തിച്ചു. പേർഷ്യൻ ഗൾഫ്, ഗൾഫ് ഓഫ് ഒമാൻ, ഹോർമുസ് കടലിടുക്ക് എന്നിവിടങ്ങളിലേക്ക് അമേരിക്കയ്ക്ക് ഇനി പ്രവേശനാനുമതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ 60 ദിവസത്തെ സമയപരിധി അടുത്തുകൊണ്ടിരിക്കെയാണ് ഇറാന്റെ പുതിയ പ്രഖ്യാപനം. ജൂൺ 17ന് ഒപ്പുവെച്ച ഇസ്ലാമാബാദ് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ താൽക്കാലിക വെടിനിർത്തലിനും സ്ഥിരമായ പരിഹാരത്തിനായി ചർച്ചകൾ തുടരുന്നതിനും ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. എന്നാൽ വെടിനിർത്തൽ ഇപ്പോഴും ദുർബലമാണ്. സ്ഥിരമായ സമാധാനത്തിനായുള്ള ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പകരം ഇടയ്ക്കിടെ ഇരു വിഭാഗങ്ങളും ആക്രമണങ്ങൾ തുടരുകയാണ്. തെക്കൻ ഇറാനിലും ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ് പ്രധാനമായും സംഘർഷം തുടരുന്നത്.
അതേസമയം യുദ്ധം ആരംഭിച്ചതിന് ശേഷം 17 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇറാനിൽ നേരിട്ടല്ല, ഇറാഖ്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ഇവരുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.




