ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ മുങ്ങിക്കപ്പൽ ശേഷി വർധിപ്പിക്കാൻ ജർമനിയുമായി 70,000 കോടി രൂപയുടെ വൻകിട അന്തർവാഹിനി കരാറിന് ഒരുങ്ങി ഇന്ത്യ. ദീർഘകാലമായി ചർച്ചയിലിരിക്കുന്ന പ്രോജക്റ്റ് 75(ഐ) പദ്ധതിയുടെ ഭാഗമായി ആറ് അത്യാധുനിക അന്തർവാഹിനികളാണ് രാജ്യത്ത് നിർമിക്കുക. ഇതുമായി ബന്ധപ്പെട്ട നിർദേശം ഉടൻ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയുടെ (CCS) പരിഗണനയ്ക്ക് എത്തുമെന്നാണ് സൂചന.
മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സും ജർമൻ കമ്പനിയായ തൈസൻക്രുപ്പ് മറൈൻ സിസ്റ്റംസും ചേർന്നായിരിക്കും അന്തർവാഹിനികളുടെ നിർമാണം. ഇന്ത്യയിൽ തന്നെ നിർമാണം നടത്തുന്നതിലൂടെ രാജ്യത്തിന്റെ പ്രതിരോധ ഉൽപ്പാദന ശേഷിക്ക് വലിയ മുന്നേറ്റമാകും പദ്ധതി നൽകുക.
എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (AIP) സാങ്കേതികവിദ്യയാണ് പുതിയ അന്തർവാഹിനികളുടെ പ്രധാന പ്രത്യേകത. സാധാരണ ഡീസൽ ഇലക്ട്രിക് അന്തർവാഹിനികളേക്കാൾ കൂടുതൽ സമയം വെള്ളത്തിനടിയിൽ തുടരാനും അതുവഴി ശത്രുവിന്റെ നിരീക്ഷണത്തിൽപ്പെടാതെ ദീർഘനേരം പ്രവർത്തിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും.






