കരൂർ: നാല് വയസുകാരിയായ കൊച്ചുമകളെ ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച് യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു. കെട്ടിട നിർമാണത്തൊഴിലാളിയായ മാണിക്യനെയാണ് മുത്തശ്ശി അരിവാൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചതെന്നാണ് റിപ്പോർട്ട്.
പെൺകുട്ടിയിൽനിന്ന് സംഭവത്തെക്കുറിച്ച് അറിഞ്ഞതിനെ തുടർന്ന് മുത്തശ്ശി യുവാവിനെ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. തുടർന്ന് യുവാവിനെ കണ്ടെത്തിയ മുത്തശ്ശി ആക്രമിക്കുകയും പരിക്കേറ്റ ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് എത്തിക്കുകയും ചെയ്തെന്നാണ് വിവരം.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും യുവാവിനെ മർദിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ യുവാവിന്റെ ശരീരത്തിൽ പത്തോളം മുറിവുകളുണ്ടെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. അതേസമയം, സംഭവത്തിൽ ഇതുവരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയുടെ മൊഴിയടക്കം പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളെന്നാണ് സൂചന.






