പത്തനംതിട്ട: പോലീസുകാർക്കെതിരായ ഭീഷണി പ്രസംഗത്തിൽ കേസെടുത്തതിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു രംഗത്ത്. കേസുകാണിച്ചു വിരട്ടാമെന്ന് കരുതിയാൽ അങ്ങനെ ഭയപ്പെടുന്നവരല്ല സിപിഎമ്മുകാരെന്ന് കെ പി ഉദയഭാനു മാധ്യമങ്ങളോടു പ്രതികരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് താൻ 76 ദിവസം ജയിലിൽ കിടന്നിട്ടുണ്ടെന്നും അന്ന് കെ കരുണാകരൻ ആയിരുന്നു ആഭ്യന്തര വകുപ്പ് മന്ത്രിയെന്നും കെ പി ഉദയഭാനു പറഞ്ഞു.
‘കേസ് കാണിച്ച് ഞങ്ങളെ വിരട്ടേണ്ട. കാട്ടാമലയിലേത് രണ്ടുമുറി മാത്രമുള്ള വീടുകളാണ്. കതകുകളും ജനലുകളും പോലും ഇല്ല. ഈ വീടുകളിൽ അർജുൻ ആയങ്കിയെ എങ്ങനെ ഒളിപ്പിക്കും?. വീടുകളിലുള്ള സ്ത്രീകളോട് പോലീസ് അപമര്യാദയായി പെരുമാറി. ചോദ്യം ചെയ്ത ഞങ്ങളുടെ പേരിൽ പോലീസ് കേസ് എടുത്തു. പ്രതിഷേധിക്കാൻ ഉള്ള അവകാശം രാജ്യത്ത് ഉണ്ട്’, കെ പി ഉദയഭാനു പറഞ്ഞു.
അതുപോലെ താൻ പറഞ്ഞ വാക്കുകളിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പോലീസുകാരുടെ വീട്ടിലും അമ്മയും സഹോദരിമാരും ഉണ്ട് എന്നാണ് താൻ പറഞ്ഞത്. പാവപ്പെട്ടവരുടെ വീട്ടിൽ കയറിയപ്പോൾ പോലീസ് ഇതൊന്നും ചിന്തിച്ചില്ല. മറിച്ച് ഒന്നും ചിന്തിപ്പിക്കരുത് എന്ന് മാത്രമാണ് താൻ പറഞ്ഞത്. പോലീസിന്റെ ന്യായമായ പ്രവർത്തനത്തെ തങ്ങൾ തടസപ്പെടുത്തില്ല. പോലീസുകാരുടെ വീട്ടിലും അമ്മയും സഹോദരിയും ഉണ്ട് ആ രീതിയിൽ തങ്ങളെ ചിന്തിപ്പിക്കരുത് എന്നാണ് താൻ പറഞ്ഞതെന്നും തന്റെ പ്രസ്താവന സ്ത്രീവിരുദ്ധത അല്ലെന്നും കെപി ഉദയഭാനു പറഞ്ഞു. പോലീസുകാർ സ്ത്രീകളുടെ വീട്ടിൽ കയറി പരിശോധന നടത്തിയതിനെ തങ്ങൾ വിമർശിക്കുമെന്നും കെ പി ഉദയഭാനു കൂട്ടിച്ചേർത്തു.
ഇതിനിടെ കെപി ഉദയഭാനുവിനെ പിന്തുണച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാവും രംഗത്തെത്തി. ഭരണകൂട ഭീകരതയ്ക്ക് എതിരായാണ് കെ പി ഉദയഭാനു പ്രസംഗിച്ചതെന്ന് രാജു എബ്രഹാം പറഞ്ഞു. പോലീസ് നയത്തിന് എതിരെ ശക്തമായ താക്കീതാണ് കെ പി ഉദയഭാനു നൽകിയത്. പാതിരാത്രിയിൽ സ്ത്രീകളും കുട്ടികളുമുള്ള വീടുകളിൽ പരിശോധന നടത്തിയതിനെതിരെ പ്രസംഗിച്ചു. സർച്ച് വാറണ്ട് ഇല്ലാതെ പോലീസ് വീടുകളിൽ പരിശോധന നടത്തിയെന്നും രാജു എബ്രഹാം പറഞ്ഞു. സ്ത്രീകൾ മാത്രമുള്ള വീട് തിരഞ്ഞ് പിടിച്ച് പോലീസ് കയറി. ഈ വിഷയത്തിൽ പ്രതികരിക്കേണ്ടത് സിപിഐഎമ്മിന്റെ കടമയാണ്. അവസാന കമ്മ്യൂണിസ്റ്റുകാരൻ ജീവിക്കുന്നത് വരെ ഈ പോരാട്ടം തുടരും. കള്ളക്കേസ് എടുത്ത് തുറുങ്കിലടക്കാൻ ഉള്ള കരിനിയമം പ്രയോഗിച്ചു. കരിനിയമം കൊണ്ട് കീഴ്‌പ്പെടുത്താൻ കഴിയുന്ന പാർട്ടി അല്ല സിപിഐഎം. അടിയന്തരാവസ്ഥക്കാലത്ത് പോലും സിപിഐഎമ്മിനെ തകർക്കാൻ കഴിഞ്ഞിട്ടില്ല. എംഡിഎംഎ കച്ചവട കേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് കരി നിയമം നടപ്പാക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ഉണ്ടാകും’, രാജു എബ്രഹാം പറഞ്ഞു.






