ലഖ്‌നൗ: മരിച്ച 75കാരന്റെ വിരലടയാളം മകൻ വെള്ളക്കടലാസുകളിൽ പതിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് ലഖ്‌നൗവിൽ വൈറലായ വീഡിയോ വിവാദമാകുന്നു. പിതാവ് മരിച്ചയുടനെ അദ്ദേഹത്തിന്റെ വിരലടയാളം മകൻ ശേഖരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സ്വത്ത് സ്വന്തമാക്കാനാണ് പേപ്പറിൽ വിരലടയാളം ശേഖരിച്ചതെന്ന് ആരോപിച്ച് മരിച്ചയാളുടെ മറ്റു കുടുംബാംഗങ്ങൾ രംഗത്തെത്തി. സംഭവത്തിൽ പോലീസ് വീഡിയോ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
റഹീമാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഖഡൗൻഹ ഗ്രാമത്തിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഛത്രപാൽ എന്ന 75കാരന്റെ മരണശേഷം, മൃതദേഹത്തിന്റെ വിരലടയാളം ചിലർ കടലാസുകളിൽ പതിപ്പിക്കുന്നതായി തോന്നിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ വിരലടയാളം എടുത്തതിന്റെ യഥാർഥ ഉദ്ദേശ്യം ഇതുവരെ വ്യക്തമായിട്ടില്ല.
ഛത്രപാലിനും ഭാര്യ ശിവ്ദേവിക്കും മകൻ മഹേന്ദ്രയും മരുമകൾ ലക്ഷ്മിയുമായി സ്വത്തുമായി ബന്ധപ്പെട്ട തർക്കമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. 2023ൽ മാതാപിതാക്കളെ തങ്ങളുടെ സ്വന്തം വീട്ടിൽ നിന്ന് മകനും മരുമകളും മർദിച്ച് ഇറക്കിവിട്ടതായും തുടർന്ന് ബന്ധുക്കളുടെ വീടുകളിൽ താമസിച്ചിരുന്നതായും കുടുംബാംഗങ്ങൾ പറയുന്നു.
പിന്നീട് മകൻ മഹേന്ദ്രയ്ക്കും ഭാര്യയ്ക്കും തന്റെ സ്വത്തുക്കളിൽ അവകാശമില്ലെന്നു കാണിച്ച് ഛത്രപാൽ പത്രത്തിൽ നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. ഇതോടെ അച്ഛനും മകനും തമ്മിലുള്ള തർക്കം രൂക്ഷമായി എന്നാണ് കുടുംബത്തിന്റെ വാദം.
ഛത്രപാലിന്റെ മകൾ സുമന്റെ ആരോപണമനുസരിച്ച് ജൂലൈ 7ന് പിതാവിന്റെ ആരോഗ്യനില വഷളായി. വിവരം മഹേന്ദ്രയെ അറിയിച്ചതിന് പിന്നാലെ ചികിത്സ ഏർപ്പെടുത്താമെന്ന് പറഞ്ഞ് അദ്ദേഹം പിതാവിനെ ഗ്രാമത്തിലേക്ക് കൊണ്ടുപോയെന്നും സുമൻ പറഞ്ഞു. എന്നാൽ ജൂലൈ 9ന് ഛത്രപാൽ മരിച്ചതായും മകൾ ആരോപിച്ചു.
മരണവിവരം അറിഞ്ഞ് അവസാന ചടങ്ങുകൾക്കായി പെൺമക്കൾ ഗ്രാമത്തിലെത്തിയപ്പോഴും മഹേന്ദ്രയുമായി തർക്കമുണ്ടായെന്നാണ് സുമന്റെ ആരോപണം. ഇതിനിടെയാണ് മൃതദേഹത്തിൽ നിന്ന് വിരലടയാളം വെള്ളക്കടലാസുകളിൽ പതിപ്പിക്കുന്നതായി തോന്നിക്കുന്ന വീഡിയോ പുറത്തുവന്നത്.
വിരലടയാളങ്ങൾ സ്വത്തുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുന്നതിനായി ഉപയോഗിച്ചുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ഏതെങ്കിലും സ്വത്ത് കൈമാറ്റത്തിനോ നിയമപരമായ ഇടപാടിനോ വേണ്ടിയാണ് വിരലടയാളം എടുത്തതെന്ന് തെളിയിക്കുന്ന രേഖകളും നിലവിൽ പുറത്തുവന്നിട്ടില്ല.
സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്ന് റഹീമാബാദ് പോലീസ് അറിയിച്ചു. വൈറൽ വീഡിയോയുടെ ആധികാരികതയും അതിൽ കാണുന്ന വ്യക്തികളുടെ തിരിച്ചറിയലും പോലീസ് പരിശോധിച്ചുവരികയാണ്. മരിച്ചയാളുടെ വിരലടയാളം കടലാസുകളിൽ പതിപ്പിച്ചതിന്റെ കാരണം എന്താണെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിലൂടെ വസ്തുതകൾ വ്യക്തമാകുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
मौत के बाद भी जमीन का लालच नहीं गया!
लखनऊ रहीमाबाद के खड़ौहा गांव में रिश्तों को शर्मसार कर देने वाला मामला।आरोप है कि पिता की मौत के बाद घर में मातम के बीच उनका एकलौता बेटा मृत शरीर के अंगूठे का निशान सादे कागज पर लगवाता रहा।ग्रामीणों ने घटना का वीडियो बना लिया, जो अब वायरल है। pic.twitter.com/4X9Xc6r2Cr
— Journalist Ravendra kumar (@Chhotukingoffi1) August 13, 2026






