കാസർഗോഡ്: വരുന്ന ഡിസംബറിൽ വിവാഹം നടക്കേണ്ടിയിരുന്ന എസ്ബിഐ ജീവനക്കാരായ പ്രതിശ്രുതവധൂവരന്മാർ ജീവനൊടുക്കിയതിൻറെ ഞെട്ടലിലാണ് ഇരു വീട്ടുകാരും. “അവർ തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. എന്ത് സന്തോഷത്തോടെയാണ് അവൾ സംസാരിച്ചത്. പിന്നെന്ത് സംഭവിച്ചുവെന്ന് അറിയുന്നില്ല,”-കഴിഞ്ഞദിവസം ഹുൻസൂരിൽ ആത്മഹത്യചെയ്ത അനുശ്രീയുടെ അച്ഛൻ ചന്ദ്രൻ ഓർത്തെടുക്കുന്നു.
അതുപോലെ വിവാഹനിശ്ചയം കഴിഞ്ഞത് മുതൽ അമൽ അനുശ്രീയുടെ വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നുവെന്നും എല്ലാവരോടും സ്നേഹപൂർവമാണ് പെരുമാറിയിരുന്നതെന്നും അദ്ദേഹം ഓർക്കും. രണ്ടുപേർക്കുമിടയിൽ ചെറിയൊരു സൗന്ദര്യപ്പിണക്കമുണ്ടായെന്നുപോലും കരുതാനാകില്ല. അങ്ങനെയൊരു സൂചന പോലും കിട്ടിയിട്ടില്ല, പക്ഷെ അവൾ എന്തെങ്കിലും കടുംകൈ ചെയ്താൽ ഞാൻ ജീവിച്ചിരിക്കില്ലെന്ന് അമൽ പറഞ്ഞിരുന്നു- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇരിട്ടി വിളമന അമ്പലത്തട്ടിലെ വി. അമലും കാഞ്ഞങ്ങാട് പൂച്ചക്കാട് കിഴക്കേക്കര കാട്ടാമ്പള്ളിയിലെ പി. അനുശ്രീയെ (25) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരായ ഇരുവരും അനുശ്രീ കർണാടക ഹുൻസൂരിലെ താമസസ്ഥലത്തും അമൽ എറണാകുളത്തെ ലോഡ്ജിലുമാണ് ജീവനൊടുക്കിയത്.
എല്ലാ ദിവസവും രാവിലെയും രാത്രിയും വീട്ടിലേക്ക് വിളിക്കുന്ന പതിവുണ്ടായിരുന്ന അനുശ്രീ, ചൊവ്വാഴ്ച രാത്രി പത്തരയോടെയും വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ പിറ്റേന്ന് ബുധനാഴ്ച രാവിലെ അനുശ്രീ ഫോണെടുക്കുന്നില്ലെന്ന് കാണിച്ച് അമലാണ് ചന്ദ്രനെ വിളിച്ചറിയിച്ചത്. തുടർന്ന് അനുശ്രീയുടെ വീട്ടുകാർ ഹുൻസൂരിലെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.
ഹുൻസൂരിൽനിന്നുള്ള ദുർവാർത്ത അറിഞ്ഞ ഉടൻ ചന്ദ്രൻ അമലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ചന്ദ്രൻ അമലിന്റെ വീട്ടുകാരെ വിവരമറിയിക്കുകയും, അവരുടെ നിർദ്ദേശപ്രകാരം എറണാകുളത്തെ സുഹൃത്തുക്കൾ ലോഡ്ജിൽ ചെന്ന് നോക്കിയപ്പോഴാണ് അമലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മീൻ വറുത്തു നല്കാന് വിസമ്മതിച്ച ഭാര്യയെ ക്രൂരമായി മര്ദിച്ചു, യുവാവിനെതിരെ കേസ്






