ബംഗളൂരു: കർണാടക ബിഡദിയിൽ ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസിനുനേരെ മുട്ടയേറ്. ബംഗളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് പോയ ബസാണ് ബുധനാഴ്ച രാത്രി 9.30ന് ആക്രമിക്കപ്പെട്ടത്. അഞ്ചോളം വരുന്ന അജ്ഞാത സംഘം ബസിനുനേരെ മുട്ട എറിയുകയായിരുന്നു. ഒന്നാമത്തെ മുട്ടയേറുണ്ടായ ഉടൻ തന്നെ ഡ്രൈവർ ബസിന്‍റെ വേഗത കുറച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. മുട്ടയെറിഞ്ഞ ശേഷം സംഘം ഓടിയൊളിക്കാന്‍ ശ്രമിച്ചില്ല എന്നത് ദുരൂഹതയുയര്‍ത്തുന്നു.
പ്രദേശത്ത് കേരള രജിസ്ട്രേഷന്‍ വാഹനങ്ങൾ അപകടത്തില്‍ പെടുന്നത് പതിവാണെന്നത് ദുരൂഹത വർധിപ്പിക്കുന്നു. ശനിയാഴ്ച കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ അതേ സ്ഥലത്തു വെച്ചുതന്നെയാണ് ബസിന് നേരെ മുട്ടയേറുണ്ടായത്. ഇതോടെ അജ്ഞാതര്‍ മുട്ട എറിഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടാണോ അപകടം സംഭവിച്ചതെന്ന സംശയം ഉയർന്നു. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണത്തിന് കേരള ഗതാഗത മന്ത്രി നിർദേശം നൽകി. ദിവസങ്ങള്‍ക്കു മുമ്പുണ്ടായ അപകടത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നിരുന്നു.
ഈ സാഹചര്യത്തില്‍ ബസിന്റെ ചില്ലിലേക്കു മുട്ടയേറുണ്ടായിട്ടുണ്ടോ എന്നു ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് കെ.എസ്.ആർ.ടി.സിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. അതേസമയം, ഡ്രൈവർക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.



