ലക്നൗ: ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പുതിയ ജീവിതം തുടങ്ങാൻ പോയ 20കാരിയെ അതേ കാമുകൻ കൊലപ്പെടുത്തി. ബിഹാറിലെ നവാഡ സ്വദേശിനിയായ ഛോട്ടി ഉപാധ്യായയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാമുകൻ റിഷഭ് കുമാർ സിംഗിനെ വാരാണസിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ദാദ്ര നഗർ ഹവേലിയിലെ സിൽവാസയിലായിരുന്നു കൊലപാതകം. വിവാഹിതയായ ഛോട്ടി അതേ ഗ്രാമത്തിൽ നിന്നുള്ള റിഷഭുമായി പ്രണയത്തിലായിരുന്നു.
ഛോട്ടിയുടെ നിർബന്ധത്തെ തുടർന്ന് ഇരുവരും നാടുവിട്ട് സിൽവാസയിലെത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ബന്ധത്തെ ഇരു കുടുംബങ്ങളും എതിർത്തിരുന്നു. റിഷഭിനെതിരെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ കേസും രജിസ്റ്റർ ചെയ്തിരുന്നു. വിവാഹത്തിന് പിന്നാലെ നാട്ടിലേക്ക് മടങ്ങണമെന്ന് ഛോട്ടി നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ജൂൺ ഒൻപതിന് രാവിലെയും ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. അന്നുതന്നെ വൈകിട്ട് റിഷഭ് ഛോട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മൃതദേഹം കയറുകൊണ്ട് കെട്ടി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ശേഷം ട്രോളി സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ചു. മുറി പൂട്ടി റിഷഭ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തുടർന്ന് വാരാണസിയിലെത്തിയ പ്രതി മറ്റൊരു പേരിൽ സ്വകാര്യ കമ്പനിയിൽ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.
ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഓഗസ്റ്റ് മൂന്നിന് മറ്റൊരു വാടകക്കാരന് മുറി നൽകുന്നതിനായി വീട്ടുടമ പൂട്ടുതുറന്നപ്പോഴാണ് സ്യൂട്ട്കേസിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ബാത്ത്റൂമിൽ സൂക്ഷിച്ചിരുന്ന സ്യൂട്ട്കേസ് തുറന്നതോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റിഷഭ് വാരാണസിയിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വാരാണസിയിലെ സ്വകാര്യ സ്ഥാപനത്തിലത്തി റിഷഭിനെ ഇവിടെനിന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






