അമ്പലപ്പുഴ: വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. അമ്പലപ്പുഴ കോമന സ്വദേശി വിപിൻ ജോൺസനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്ഥിരം തട്ടിപ്പുകാരനാണെന്ന് പൊലീസ് പറഞ്ഞു.
മാന്നാർ സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. 20 ലക്ഷം രൂപ വായ്പയായി നൽകാമെന്നും അതിന് മുൻകൂറായി ആറര ലക്ഷം രൂപ പലിശ നൽകണമെന്നും പറഞ്ഞാണ് വിപിൻ വീട്ടമ്മയിൽ നിന്ന് പണം വാങ്ങിയത്. പിന്നീട് വായ്പ ലഭിക്കാതിരിക്കുകയും പ്രതിയെ ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്തതോടെയാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
‘മഹാലക്ഷ്മി ഫിനാൻസ്’ എന്ന പേരിൽ പത്രങ്ങളിൽ പരസ്യം നൽകിയാണ് വിപിൻ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. വായ്പ ആവശ്യമുള്ളവർ പരസ്യം കണ്ട് ബന്ധപ്പെടുമ്പോൾ മുൻകൂറായി പലിശ നൽകണമെന്ന് ആവശ്യപ്പെട്ടാണ് പണം വാങ്ങിയിരുന്നത്. പണം ലഭിച്ചശേഷം ഇയാൾ മുങ്ങുന്നതായിരുന്നു പതിവെന്നും പൊലീസ് വ്യക്തമാക്കി.
വിപിനെതിരെ പെരിന്തൽമണ്ണയിലും കായംകുളത്തിന് സമീപത്തെ കനകക്കുന്ന് പൊലീസ് സ്റ്റേഷനിലും കേസുകളുണ്ട്. മറ്റൊരു കേസിൽ പാലക്കാട് സൈബർ പൊലീസ് വിപിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ വിവരം ലഭിച്ചതിനെ തുടർന്ന് മാന്നാർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്പലപ്പുഴ കോമന സ്വദേശിയായ വിപിൻ ജോൺസണെ കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്തത്.





