ന്യൂഡൽഹി: രാജ്യത്ത് ഉയർന്നുവരുന്ന ജെൻ സി യുവജന പ്രതിഷേധങ്ങളെ കുറിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർശം രാഷ്ട്രീയ- സാമൂഹിക വൃത്തങ്ങളിൽ ശ്രദ്ധ നേടുന്നു. യുവജനങ്ങൾ പ്രതിഷേധത്തിലേർപ്പെടുന്നുവെങ്കിൽ അവരെ രാജ്യവിരുദ്ധരായി കാണാൻ പാടില്ലെന്നും അവർ രാജ്യത്തിന്റെ സ്വന്തം ആളുകളും ഭാവിയുടെ പ്രതിനിധികളുമാണെന്നും ഭാഗവത് പറഞ്ഞു. അവരുടെ ആശങ്കകൾ പരിഹരിക്കപ്പെടേണ്ടതാണെന്നും ഭാഗവത് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ യുവജന സമ്മേളനങ്ങളിലൊന്നായ ‘ദ റോൾ ഓഫ് യൂത്ത് ഇൻ യൂണൈറ്റിംഗ് ദ വേൾഡ്, ദ ഇന്ത്യൻ വേ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ വ്യവസ്ഥയിൽ പ്രതിഷേധങ്ങൾക്ക് പ്രഥമ സ്ഥാനമുണ്ടെന്ന് അംഗീകരിച്ച ഭാഗവത്, പ്രതിഷേധം നടത്തുന്നതിന് നിശ്ചിത രീതികളും നിയമങ്ങളും പാലിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. “ജെൻ സികൾ പ്രതിഷേധിക്കുന്നുവെങ്കിൽ അവർ രാജ്യവിരുദ്ധരല്ല, അവർ നമ്മുടെ സ്വന്തം ആളുകളാണ്. പ്രതിഷേധിക്കരുത് എന്ന് ഞാൻ പറയുന്നില്ല, പക്ഷേ അതിന് ശരിയായ മാർഗങ്ങൾ ഉണ്ടെന്നു മനസിലാക്കണം,” അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി സമരങ്ങൾക്ക് പിന്നാലെയാണ് ഈ പ്രതികരണം പുറത്തുവന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ‘കോക്ക്രോച്ച് ജനത പാർട്ടി’യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം രാജ്യവ്യാപക ശ്രദ്ധ നേടുകയും ശക്തമായ സമ്മർദ്ദത്തിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയും ചെയ്തിരുന്നു. ജൂലൈ 20-ന് പാർലമെന്റിലേക്കുള്ള മാർച്ചിനിടെ വിദ്യാർത്ഥികൾക്കെതിരെ പോലീസ് ലാത്തിച്ചാർജ് നടത്തുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നത് ഏറെ കോലാഹലങ്ങൾക്കു വഴിവച്ചിരുന്നു. ഇതിന്റെ അലയൊലികൾ ഇപ്പോഴും പാർലമെന്റിൽ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ചില പ്രതിഷേധക്കാർക്കെതിരെ പോലീസ് പെല്ലറ്റ് ഗൺ ഉപയോഗിച്ചത് ഏറെ വിവാദങ്ങൾക്കു വഴിവച്ചിരുന്നു,
യുവജനങ്ങളുടെ അസന്തോഷം രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനവുമായി ബന്ധപ്പെട്ട ആഴത്തിലുള്ള പ്രശ്നങ്ങളിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അഭിപ്രായപ്പെട്ടു. ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ, ഇത് കോപമോ, വെറുപ്പോ അല്ലെന്നും ഭാവി തലമുറയുടെ ആഴത്തിലുള്ള വികാരപ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്തിന്റെ യുവജനങ്ങളുടെ ഈ പ്രകടനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ബഹുമാനിക്കണം എന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.


















































