തിരുവനന്തപുരം; കഴിഞ്ഞ വെള്ളിയാഴ്ച പതിനാലുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ 58കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കഴിഞ്ഞ ദിവസമാണു കല്ലറയിലെ വീടിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അന്നുതന്നെ കുട്ടിയുടെ മരണത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് അയൽവാസികളായ രണ്ടുപേർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അറസ്റ്റിലായ ആൾ കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതായി സംശയമുണ്ടെന്നാണ് നാട്ടുകാർ മൊഴി നൽകിയത്. തുടർന്ന് പോലീസ് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പ്രതി സമ്മതിച്ചു. തുടർന്ന് പോക്‌സോ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീഡനത്തിൽ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്ന നിഗമനത്തിലാണ് പോലീസുള്ളത്.



















































