പഠനാവശ്യത്തിനെന്ന് പറഞ്ഞ് അച്ഛന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ റോബ്ലോക്സിൽ ചെലവഴിച്ചത് 42,000 രൂപ. സംഭവത്തെക്കുറിച്ച് കുട്ടിയുടെ സഹോദരൻ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി.
കുടുംബത്തിലെ ആരുടെയും അറിവോ സമ്മതമോ ഇല്ലാതെയാണ് സഹോദരൻ പണം ചെലവഴിച്ചതെന്ന് റെഡ്ഡിറ്റിലെ കുറിപ്പിൽ പറയുന്നു. പഠിക്കാനായി അച്ഛന്റെ ഫോൺ വാങ്ങിയ കുട്ടി പഠിക്കുന്നതിന് പകരം റോബ്ലോക്സ് കളിക്കുകയും ഗെയിമിനുള്ളിലെ വാങ്ങലുകൾക്കായി 42,000 രൂപ ചെലവഴിക്കുകയുമായിരുന്നു.
ചെലവഴിച്ച തുകയ്ക്ക് പകരമായി ലഭിച്ച റോബക്സും കുട്ടി ഗെയിമിൽ ഉപയോഗിച്ചുകഴിഞ്ഞതായാണ് സഹോദരൻ പറയുന്നത്. ഏകദേശം 100 റോബക്സ് മാത്രമാണ് ഇപ്പോൾ അക്കൗണ്ടിൽ ശേഷിക്കുന്നതെന്നും കുറിപ്പിലുണ്ട്.
കുട്ടിയുടെ നടപടിയെ തുടർന്ന് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും സഹോദരൻ പറയുന്നു. സ്കൂൾ ഫീസ് അടയ്ക്കാനും വായ്പ തിരിച്ചടയ്ക്കാനും മാറ്റിവച്ചിരുന്ന പണമാണ് നഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കി.
നഷ്ടമായ 42,000 രൂപ തിരികെ ലഭിക്കാൻ എന്തെങ്കിലും മാർഗമുണ്ടോയെന്ന് ചോദിച്ചാണ് സഹോദരൻ റെഡ്ഡിറ്റിൽ കുറിപ്പ് പങ്കുവെച്ചത്. സംഭവത്തിൽ കുടുംബത്തിന് പണം തിരികെ ലഭിക്കുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ സമൂഹമാധ്യമ ഉപയോക്താക്കളുടെ പ്രതികരണങ്ങളും ചർച്ചയാകുന്നുണ്ട്.

















































