മുംബൈ: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു. 74 വയസായിരുന്നു. ഇന്നലെ മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി ക്യാൻസർ ചികിത്സയിലായിരുന്ന അദ്ദേഹത്തെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നടന്റെ മാനേജർ സിദ്ധാർത്ഥ് തിവാരിയാണ് മരണവിവരം അറിയിച്ചത്. പ്രദീപ് റാവത്ത് ക്യാൻസർ ബാധിതനായിരുന്നെന്നും രോഗം ഗുരുതരമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്ക്കാരം ഇന്ന്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രദീപ് റാവത്ത്, സൂര്യ നായകനായ ‘ഗജനിയിലെ’ വില്ലൻ വേഷത്തിലൂടെയാണ് തെന്നിന്ത്യയിൽ കൂടുതൽ ശ്രദ്ധേയനായത്. ‘ചൈനാ ടൗൺ’, ‘കസിൻസ്’, ‘ഇത് പാതിരാമണൽ’ എന്നിവയാണ് അദ്ദേഹം അഭിനയിച്ച മലയാള സിനിമകൾ.
1980കളുടെ തുടക്കത്തിലാണ് പ്രദീപ് റാവത്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ബി.ആർ. ചോപ്രയുടെ പ്രശസ്ത സീരിയലായ ‘മഹാഭാരത’ത്തിൽ അശ്വത്ഥാമാവായി അഭിനയിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധനേടിയത്. ഇതോടെ മികച്ച സ്വഭാവനടന്മാരിൽ ഒരാളായി റാവത്ത് തന്റേതായ ഇടം നേടി.
സൂര്യ നായകനായ ‘ഗജനിയിലെ’ വില്ലൻ വേഷത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായ അദ്ദേഹം ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ ആമിർ ഖാനൊപ്പവും അഭിനയിച്ചു. ആമിർ ഖാന്റെ ‘ലഗാൻ’ എന്ന ചിത്രത്തിൽ ദേവ സിംഗ് എന്ന കഥാപാത്രത്തെയും പ്രദീപ് റാവത്ത് അവതരിപ്പിച്ചിരുന്നു.

















































