ചെന്നൈ: തമിഴ് നടി തൃഷ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന അഭ്യൂഹങ്ങൾ വീണ്ടും സജീവം. മധുരയിൽ നടിയുടെ ആരാധക സംഘടനയുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണം. പുതുതായി രൂപവത്കരിച്ച ‘തൃഷ വെൽഫെയർ അസോസിയേഷൻ’ എന്ന സംഘടനയുടെ പേരിലാണ് നടിയെ പരോക്ഷമായി രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ നഗരത്തിലുടനീളം പ്രത്യക്ഷപ്പെട്ടത്.
‘എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വേരുകളുള്ള മണ്ണാണ് മധുര’ എന്ന പോസ്റ്ററുകളിലെ വാക്കുകളാണ് അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. തമിഴ്നാട് സർക്കാരിന്റെ അംഗീകാരം ലഭിച്ച ആദ്യ സംഘടനയാണ് തങ്ങളുടേതെന്നും പോസ്റ്ററുകളിൽ അവകാശപ്പെടുന്നുണ്ട്.
എന്നാൽ തൃഷയുടെ അറിവോടെയോ സമ്മതത്തോടെയോ ആണോ സംഘടന പ്രവർത്തിക്കുന്നതെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. 53/2026 എന്ന രജിസ്‌ട്രേഷൻ നമ്പറോടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സംഘടനയുടെ ഭാരവാഹികളുടെ പേരുകളോ സ്ഥാനങ്ങളോ പോസ്റ്ററുകളിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ സംഘടനാ ഭാരവാഹികളെന്ന് കരുതപ്പെടുന്ന വെള്ളക്കുപ്പായമണിഞ്ഞ ഒൻപത് യുവാക്കളുടെ ചിത്രങ്ങൾ പോസ്റ്ററുകളിലുണ്ട്.
തൃഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെയും പലതവണ ഉയർന്നിരുന്നു. രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചതിനെത്തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് രാജിവെച്ച തിരുച്ചിറപ്പള്ളി ഈസ്റ്റിൽ തൃഷ മത്സരിച്ചേക്കുമെന്നായിരുന്നു ഇതിലൊന്ന്. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ തൃഷയുടെ സാന്നിധ്യവും ഇത്തരം പ്രചാരണങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ തനിക്ക് ടി.വി.കെയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് തൃഷ നേരത്തെ പരസ്യമായി വ്യക്തമാക്കിയിരുന്നു.
അതേസമയം, തൃഷ വെൽഫെയർ അസോസിയേഷൻ എന്ന സംഘടനയെക്കുറിച്ചോ പോസ്റ്ററുകളെക്കുറിച്ചോ തനിക്ക് അറിവില്ലെന്ന് മധുര സൗത്ത് വിജയ് മക്കൾ ഇയക്കം പ്രസിഡന്റും ടി.വി.കെ. എം.എൽ.എയുമായ എസ്.ആർ. തങ്കപാണ്ടി പ്രതികരിച്ചു.
പെയ്തൊഴിയാതെ മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

















































