പെരുമ്പാവൂർ : സ്കൂളിൽ എത്തിയിട്ട് രണ്ടാഴ്ച മാത്രം. പുതിയ കൂട്ടുകാരെയും അധ്യാപകരെയും പരിചയപ്പെട്ട് സ്കൂൾ ജീവിതത്തിന്റെ സന്തോഷത്തിലേക്ക് കടന്നുവരേണ്ട സമയം. എന്നാൽ പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ 16കാരനായ ഡിയോൺ ജോജോയ്ക്ക് നേരിടേണ്ടിവന്നത് സങ്കൽപ്പിക്കാനാകാത്ത ക്രൂരത.
റാഗിങ്ങിന് വഴങ്ങാതിരുന്നതിന്റെ പേരിൽ സീനിയർ വിദ്യാർഥികൾ ഡിയോണിനെ ശുചിമുറിയിൽ വളഞ്ഞിട്ട് മർദിച്ചെന്നാണ് പരാതി. ഇരുപതോളം വരുന്ന പ്ലസ് ടു വിദ്യാർഥികളാണ് ആക്രമിച്ചതെന്നാണ് വിവരം. ശരീരമാസകലം മർദനമേറ്റ ഡിയോണിനെ സ്വകാര്യ ഭാഗങ്ങളിലും പരുക്കേൽപ്പിച്ചതായും വസ്ത്രങ്ങൾ അഴിച്ചുമാറ്റി അപമാനിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്യുന്നതിന്റെ ഭാഗമായി ഡിയോണിനോടും വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡിയോൺ ഇതിന് തയ്യാറായില്ല. തുടർന്ന് ഉച്ചയോടെ ശുചിമുറിയിലേക്ക് പോയപ്പോഴാണ് സീനിയർ വിദ്യാർഥികളുടെ സംഘം ഡിയോണിനെ വളഞ്ഞിട്ട് ആക്രമിച്ചതെന്നാണ് പരാതി.
ആക്രമണത്തിന് പിന്നാലെ ഡിയോൺ ആരോടും ഒന്നും പറഞ്ഞില്ല.
വീട്ടിലെത്തിയ ഡിയോൺ മുറിയടച്ച് കഴിയുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കൾ ചോദിച്ചിട്ടും കുട്ടി ഒന്നും പറഞ്ഞില്ല. എന്നാൽ അന്ന് രാത്രിയിൽ ഉറക്കത്തിൽ ഭയന്നലറിയുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. വീണ്ടും ചോദിച്ചപ്പോഴാണ് ദിവസങ്ങളായി മനസിൽ ഒളിപ്പിച്ചുവെച്ച വേദന ഡിയോൺ മാതാപിതാക്കളോട് തുറന്നുപറഞ്ഞത്.
തുടർന്ന് സ്കൂൾ അധികൃതരെ വിവരമറിയിച്ചശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു.
ആക്രമണത്തിൽ പ്രധാനമായി പങ്കെടുത്ത നാല് വിദ്യാർഥികളുടെ പേരുവിവരങ്ങൾ ഉൾപ്പെടുത്തിയാണ് പരാതി നൽകിയിരിക്കുന്നത്. റാഗിങ് വിരുദ്ധ നിയമപ്രകാരവും ശാരീരികമായി ഉപദ്രവിച്ചതിനുമാണ് കുറുപ്പംപടി പോലീസ് കേസെടുത്തത്. ചൈൽഡ് വെൽഫെയർ റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിലും സമർപ്പിച്ചു.
നിലവിൽ നാല് വിദ്യാർഥികൾക്കെതിരെയാണ് പ്രധാന പരാതി. എന്നാൽ ആക്രമണത്തിൽ പങ്കെടുത്തതായി പറയുന്ന ഇരുപതോളം വിദ്യാർഥികളെയും തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ സ്കൂൾ അധികൃതരും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്ന വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.
ആക്രമണത്തെ തുടർന്ന് ആദ്യം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഡിയോണിനെ പിന്നീട് ഡോക്ടർമാരുടെ നിർദേശപ്രകാരം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. തലയ്ക്ക് കടുത്ത വേദനയും ശരീരമാസകലം ചതവുകളുമുണ്ടെന്നാണ് വിവരം. അടിവയറ്റിലും പരുക്കേറ്റിട്ടുണ്ട്.


















































