ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയെച്ചൊല്ലിയുള്ള അതൃപ്തി പരസ്യപ്രതിഷേധത്തിലേക്ക്. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഇൻഡി മണ്ഡലത്തിലെ എംഎൽഎ യശ്വന്ത്‌റായ ഗൗഡ പാട്ടീലും ഭദ്രാവതി എംഎൽഎ സംഗമേഷും രാജി പ്രഖ്യാപിച്ചു. മുതിർന്ന അംഗം ടി.ബി. ജയചന്ദ്രയും രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.
പ്രിയ നേതാക്കൾക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് എംഎൽഎമാരുടെ അനുയായികൾ തെരുവിലിറങ്ങി. മണ്ഡ്യ, കൊപ്പള എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വിജയനഗരിയിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെ പ്രതിഷേധം ശക്തമായി. രോഷാകുലരായ അനുയായികൾ ഡികെയുടെ കോലം കത്തിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മന്ത്രിമാരുടെ അന്തിമ പട്ടികയെച്ചൊല്ലിയുള്ള അനിശ്ചിതത്വവും തുടരുകയാണ്.
മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ചും പാർട്ടി നേതൃത്വത്തിനുള്ളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. നേതാക്കളെയും അനുയായികളെയും അനുനയിപ്പിച്ച് പ്രതിഷേധം തണുപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ശ്രമം തുടരുകയാണ്.
കർണാടകയിൽ 20 പേരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മലയാളിയായ എൻ.എ. ഹാരിസും കഴിഞ്ഞ സർക്കാരിലെ ആരോഗ്യമന്ത്രിയായ ദിനേഷ് ഗുണ്ടുറാവുവും മന്ത്രിപ്പട്ടികയിൽ നിന്ന് പുറത്തായി. വിവാദ പരാമർശത്തിന്റെ പേരിൽ വിമർശനം നേരിട്ട സമീർ അഹമ്മദ് ഖാൻ മന്ത്രിസ്ഥാനം നിലനിർത്തി.
ജി.എസ്. പാട്ടീൽ സ്പീക്കറാകുമെന്നും പൊന്നണ്ണ ഡെപ്യൂട്ടി സ്പീക്കറാകുമെന്നും റിപ്പോർട്ടുകളുണ്ട്. സലീം അഹമ്മദ് കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സ്പീക്കറായും ഉമാശ്രീ ഡെപ്യൂട്ടി സ്പീക്കറായും ചുമതലയേൽക്കും. മന്ത്രിസഭയിൽ ഒമ്പത് പുതുമുഖങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. ഒരു വനിത മാത്രമാണ് മന്ത്രിപ്പട്ടികയിലുള്ളതെന്നും റിപ്പോർട്ടുണ്ട്.
പി.എം. നരേന്ദ്ര സ്വാമി, ശിവരാജ് തങ്കടി, രുദ്രപ്പ ലമാനി, കെ.എസ്. ബസവന്തപ്പ, ബി. നാഗേന്ദ്ര, ടി. രഘുമൂർത്തി, സമീർ അഹമ്മദ് ഖാൻ, റിസ്‍വാൻ അർഷാദ്, സന്തോഷ് ലാഡ്, മധു ബംഗാരപ്പ, പുട്ടരംഗശെട്ടി, മംഗള വൈദ്യ, അജയ് സിംഗ്, ചെലുവരായസ്വാമി, ശിവലിംഗെ ഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗായത്രി ശാന്തെ ഗൗഡ, ബസവരാജ് റായറെഡ്ഡി, വിജയാനന്ദ കഷപന്നവർ, ലക്ഷ്മൺ സാവഡി എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.
രുദ്രപ്പ ലമാനി, കെ.എസ്. ബസവന്തപ്പ, ടി. രഘുമൂർത്തി, റിസ്‍വാൻ അർഷാദ്, അജയ് സിംഗ്, ശിവലിംഗെ ഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗായത്രി ശാന്തെ ഗൗഡ, വിജയാനന്ദ കഷപന്നവർ എന്നിവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങൾ.

















































