ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പൊതുമധ്യത്തിലേക്ക്. കലാപത്തെ തുടർന്ന് ഇന്ത്യയിൽ അഭയം പ്രാപിച്ച ഹസീന ബുധനാഴ്ച വൈകിട്ട് ആറിന് ഡൽഹി ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബിലെ മാർക്ക് ടുള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ‘ഷെയ്ഖ് ഹസീനാസ് ഹോം കമിംഗ്’ പരിപാടിയിലൂടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. സുരക്ഷാ കാരണങ്ങളാൽ ഓൺലൈനായാകും ഹസീന മാധ്യമങ്ങൾക്ക് മുന്നിലെത്തുക.
ഇന്ത്യയിൽ അഭയം തേടിയശേഷം ആദ്യമായാണ് ഷെയ്ഖ് ഹസീന വാർത്താസമ്മേളനം നടത്തുന്നത്. ബംഗ്ലാദേശിലെ കലാപത്തിന് പിന്നാലെ കൃത്യം രണ്ട് വർഷം പൂർത്തിയാകുന്ന അതേ ദിവസമാണ് മുൻ പ്രധാനമന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. ബംഗ്ലാദേശിലേക്കുള്ള മടങ്ങിപ്പോക്ക് സംബന്ധിച്ച പ്രഖ്യാപനം ഹസീന നടത്തിയേക്കുമെന്നാണ് സൂചന.
അതേസമയം, ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ട് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഹസീനയെ വിട്ടുനൽകണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തിൽ ഇന്ത്യ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. വിഷയത്തിൽ നിയമപരമായ പരിശോധനകൾ തുടരുകയാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.
ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും അവിടെ നിയമനടപടികൾ നേരിടുമെന്നും ഹസീന നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലും ഹസീന ഇക്കാര്യം ആവർത്തിച്ചിരുന്നു.

















































