തിരുവനന്തപുരം: ശബരിമലയിൽ കഴിഞ്ഞ മണ്ഡല–മകരവിളക്ക് സീസണിൽ മിൽമയിൽനിന്ന് വാങ്ങിയ 1.77 ലക്ഷം ലിറ്റർ നെയ്യിൽ ഭൂരിഭാഗവും സന്നിധാനത്ത് എത്തിയില്ലെന്ന സംശയം ശക്തമാകുന്നു. സംഭവത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. മിൽമയിൽനിന്ന് കയറ്റിവിട്ട നെയ്യ് വഴിമധ്യേ മറ്റൊരിടത്തേക്ക് മാറ്റിയോയെന്നതിലാണ് ഇപ്പോൾ പ്രധാന അന്വേഷണം.
ആദ്യഘട്ടത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധന നടത്താതെ നാല് ബാച്ച് നെയ്യ് സന്നിധാനത്തേക്ക് കടത്തിയെന്നായിരുന്നു സംശയം. എന്നാൽ അന്വേഷണത്തിൽ നാല് ബാച്ചുകളും പമ്പയിലെ പരിശോധനാകേന്ദ്രത്തിൽ എത്തിയിട്ടില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതോടെ മിൽമയിൽനിന്ന് പുറപ്പെട്ട യഥാർഥ നെയ്യ് വഴിമധ്യേ മാറ്റിയെന്ന സാധ്യതയാണ് വിജിലൻസ് പരിശോധിക്കുന്നത്.
ആദ്യ പരിശോധനയ്ക്ക് നൽകിയ രണ്ട് ബാച്ചുകളിലെ സാംപിളുകൾ മിൽമയുടെ യഥാർഥ നെയ്യായിരുന്നുവെന്നാണ് വിവരം. പരിശോധനാഫലം ലഭിച്ചതിന് പിന്നാലെ സന്നിധാനത്ത് എത്തിച്ചത് മറ്റൊരു നെയ്യായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. ശേഷിച്ച നാല് ബാച്ചുകളിലെ യഥാർഥ നെയ്യ് സന്നിധാനത്ത് എത്തിയില്ലെന്നും സംശയമുണ്ട്.
കഴിഞ്ഞ മണ്ഡല സീസണിൽ ഭക്തർ കൊണ്ടുവന്ന നെയ്യ് കാരണം സന്നിധാനത്തെ സംഭരണികൾ നിറഞ്ഞിരുന്നുവെന്നും പുറത്തുനിന്നുള്ള നെയ്യ് ആവശ്യമില്ലെന്ന സന്ദേശം ബന്ധപ്പെട്ടവർക്ക് ലഭിച്ചിരുന്നുവെന്നുമാണ് സൂചന. മിൽമയിൽനിന്ന് പുറപ്പെട്ട ചില വാഹനങ്ങൾ പമ്പയ്ക്ക് പകരം മറ്റൊരിടത്തേക്ക് പോയതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
നെയ്യ് വഴിമധ്യേ മാറ്റി വൻ ലാഭത്തിന് മറിച്ചുവിറ്റോ? എന്നതും വിജിലൻസ് പരിശോധിക്കുന്നുണ്ട്. മിൽമയിൽനിന്ന് ലിറ്ററിന് 510 രൂപ നിരക്കിൽ വാങ്ങിയ നെയ്യ് മാറ്റി, തമിഴ്നാട്ടിൽനിന്നുള്ള നിലവാരം കുറഞ്ഞ നെയ്യ് പകരംവെച്ചശേഷം യഥാർഥ നെയ്യ് ലിറ്ററിന് 720 രൂപ നിരക്കിൽ മറിച്ചുവിറ്റോയെന്ന സംശയവും അന്വേഷണത്തിന്റെ ഭാഗമാണ്.
അതേസമയം, നെയ്യ് വിതരണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്ഷീരവികസന വകുപ്പ് തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ നിരവധി സംശയങ്ങളുണ്ടെന്നും യഥാർഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മിൽമയിൽനിന്ന് പുറപ്പെട്ട നെയ്യ് എവിടെ പോയി, സന്നിധാനത്ത് എത്തിയത് ഏത് നെയ്യ്, ഇതിനുപിന്നിൽ ആരൊക്കെയുണ്ട്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇനി വിജിലൻസ് അന്വേഷണത്തിൽ നിർണായകമാകുക.


















































