തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുൻ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധവുമായി എസ്.എൻ.ഡി.പി യോഗം കൗൺസിൽ. രാഷ്ട്രീയ പരാജയങ്ങളുടെ ഉത്തരവാദിത്തം ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന്റെയും മേൽ ചുമത്താനുള്ള ശ്രമം ചരിത്രത്തോടും സാമൂഹിക യാഥാർഥ്യങ്ങളോടുമുള്ള അനാദരവാണെന്ന് യോഗത്തിന്റെ നയരൂപീകരണ സമിതി പ്രമേയത്തിലൂടെ വ്യക്തമാക്കി.
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിൽ രൂപംകൊണ്ട എസ്.എൻ.ഡി.പി യോഗം ഒരു നൂറ്റാണ്ടിലേറെയായി സാമൂഹിക നവോത്ഥാനം, വിദ്യാഭ്യാസ പുരോഗതി, പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. മൂന്ന് പതിറ്റാണ്ടിലേറെയായി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ സാമൂഹിക നീതി, വിദ്യാഭ്യാസം, സാമ്പത്തിക ശാക്തീകരണം തുടങ്ങിയ മേഖലകളിൽ സംഘടന നിർണായക ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും യോഗം വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശനെതിരെ ഉയരുന്ന രാഷ്ട്രീയ ആരോപണങ്ങളെ ജനങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുമെന്ന ആത്മവിശ്വാസവും കൗൺസിൽ പ്രകടിപ്പിച്ചു.
ജനാധിപത്യ സംവിധാനത്തിൽ ഓരോ തിരഞ്ഞെടുപ്പ് ഫലവും ജനങ്ങളുടെ സ്വതന്ത്രമായ രാഷ്ട്രീയ വിലയിരുത്തലിന്റെ പ്രതിഫലനമാണെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു. ജനവിധി അംഗീകരിച്ച് ആത്മപരിശോധന നടത്തുന്നതിന് പകരം സാമൂഹിക സംഘടനയെയും അതിന്റെ നേതൃത്വത്തെയും കുറ്റപ്പെടുത്തുന്നത് ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ലെന്നും ഇത്തരം പ്രസ്താവനകൾ സാമൂഹിക ഐക്യത്തിന് ഗുണകരമല്ലെന്നും യോഗം പറഞ്ഞു.
എ.എൻ. ഷംസീർ പ്രസ്താവന പിൻവലിച്ച് എസ്.എൻ.ഡി.പി യോഗത്തോടും ലക്ഷക്കണക്കിന് അംഗങ്ങളോടും ഖേദം പ്രകടിപ്പിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുവിന്റെ സമത്വദർശനത്തിലും ജനാധിപത്യ മൂല്യങ്ങളിലും ഉറച്ചുനിന്ന് സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന പോരാട്ടം ശക്തമായി തുടരുമെന്നും കൗൺസിൽ ഏകകണ്ഠമായി പ്രഖ്യാപിച്ചു.
ഡോ. എം.എൻ. സോമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി പ്രമേയം അവതരിപ്പിച്ചു. കൗൺസിലർമാരായ പി. സുന്ദരൻ, വിപിൻരാജ്, ബേബിറാം, പി.കെ. പ്രസന്നൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


















































