ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിലും ചരക്ക് കപ്പലുകൾക്കും നാവികർക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളിലും കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി.
ചരക്ക് കപ്പലുകൾക്കും നാവികർക്കും നേരെ ഏത് ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിക്കുന്നതായി ജയശങ്കർ വ്യക്തമാക്കി. മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നയതന്ത്ര ചർച്ചകൾക്കാണ് ഇന്ത്യ എപ്പോഴും പിന്തുണ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘മേഖലയിലെ നിലവിലെ സംഘർഷങ്ങളിൽ ഇന്ത്യയുടെ കടുത്ത ആശങ്ക അറിയിച്ചു. യാതൊരു കാരണവശാലും ചരക്ക് കപ്പലുകൾക്കോ നാവികർക്കോ നേരെ ആക്രമണം ഉണ്ടാകരുത്. ഏത് രാജ്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങളെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു’, ജയശങ്കർ എക്സിൽ കുറിച്ചു.
സമുദ്രപാതകളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമായതോടെ നിരവധി ഇന്ത്യൻ നാവികരുടെ സുരക്ഷയും ആശങ്കയിലായിട്ടുണ്ട്. ചരക്ക് ഗതാഗതത്തിനുള്ള പ്രധാന സമുദ്രപാതകളിലെ സംഘർഷം ഇന്ത്യയ്ക്ക് നയതന്ത്ര, മാനുഷിക തലങ്ങളിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മേഖലയിൽ നിരീക്ഷണം ശക്തമാക്കുന്നതിനുമായി യു.എസ്. സെൻട്രൽ കമാൻഡും നാവിക സന്നാഹം ശക്തമാക്കിയിട്ടുണ്ട്. ജൂലൈ 30 വരെയുള്ള കണക്കുകൾ പ്രകാരം 24 വാണിജ്യ കപ്പലുകളുടെ ദിശ തിരിച്ചുവിടുകയും മറ്റ് സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി യു.എസ്. സൈന്യം അറിയിച്ചു.
അതിനിടെ, ജോർദാനിലെ യു.എസ്. സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ബാലസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ അമേരിക്ക തിരിച്ചടി ശക്തമാക്കി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കേന്ദ്രങ്ങളാണ് യു.എസ്. ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ട്.
പേർഷ്യൻ ഉൾക്കടലിലെ ദ്വീപുകളിലും ഇറാനിലെ ഹോർമോസ്ഗാൻ, ഖുസെസ്താൻ പ്രവിശ്യകളിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്ക് സമീപവും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷം കൂടുതൽ വ്യാപിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനിടെ, സമുദ്രപാതകളുടെ സുരക്ഷയിലേക്കാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ശ്രദ്ധ.
മഴക്കെടുതി രൂക്ഷം; മൂന്ന് ജില്ലകളിലായി അഞ്ച് മരണം, റാന്നിയിൽ സ്ഥിതി അതീവ ഗുരുതരം


















































