ആലപ്പുഴ: പുന്നപ്രയിലെ അഗതിമന്ദിരത്തിലെ ലൈംഗിക അതിക്രമ കേസിൽ സ്ഥാപന നടത്തിപ്പുകാരൻ ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ. പുന്നപ്ര ശാന്തിഭവൻ അഗതിമന്ദിരത്തിലെ ജീവനക്കാരി നൽകിയ പരാതിയിലാണ് നടപടി.
ജീവനക്കാരിക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാട്ടുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പൊലീസ് അറസ്റ്റ് വൈകുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ആൽബിൻ ഇന്നലെ പരാതിക്കാരിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇതിന് പിന്നാലെ പൊലീസ് അന്വേഷണം ശക്തമാക്കി.
അറസ്റ്റ് ഉറപ്പായതോടെ ഇന്ന് വൈകിട്ട് ആൽബിൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
പണവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നാണ് ജീവനക്കാരിയുടെ പരാതി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
അതേസമയം, കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് മാത്യു ആൽബിൻ. ജയിൽ മോചിതനായ ശേഷം മാനസാന്തരം വന്നതായി പ്രഖ്യാപിച്ചാണ് പുന്നപ്രയിൽ അഗതിമന്ദിരം ആരംഭിച്ചതെന്നാണ് വിവരം.


















































